നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍; 52 ദളിത് സംഘടനകള്‍ അണിനിരക്കുന്നു

Jaihind News Bureau
Monday, April 27, 2026

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെയും വിവിധ ദലിത്-ആദിവാസി സംഘടനകളുടെയും നേതൃത്വത്തില്‍ 52 സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയുന്നതിനുള്ള ‘രോഹിത് വെമുല നിയമം’ നടപ്പിലാക്കുക എന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഇതിന് പുറമെ നിതിന്‍ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക, മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളും സംഘടനകള്‍ ഉന്നയിക്കുന്നു. ഹര്‍ത്താലുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, ഹര്‍ത്താല്‍ ദിനത്തില്‍ ജനജീവിതം തടസ്സപ്പെടാതിരിക്കാന്‍ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജ് കുമാര്‍ കരുവാരത്ത് വ്യക്തമാക്കി. പാല്‍, പത്രം, ആശുപത്രികള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.