
കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ ജനവാസ മേഖലകളിൽ പാമ്പ് ശല്യം വർധിക്കുന്നു. പൂനൂർ സ്വദേശിയായ 22 വയസ്സുകാരൻ മുഹമ്മദ് അൻസാറിനാണ് ഇന്ന് പുലർച്ചെ സ്വന്തം വീട്ടിലെ കിടക്കയിൽ വെച്ച് പാമ്പുകടിയേറ്റത്. മുഹമ്മദ് അൻസാറിനെ ഉടനടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമാനമായ രീതിയിൽ പേരാമ്പ്ര കണ്ണിപൊയിലിലും യുവതിക്ക് പാമ്പുകടിയേറ്റു. അഞ്ജലി എന്ന യുവതിയെയാണ് അതീവ വിഷമുള്ള ശംഖുവരയൻ പാമ്പ് കടിച്ചത്. ഇവരും നിലവിൽ ചികിത്സയിലാണ്.
അതേസമയം, കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ പിടികൂടിയത് വലിയ പരിഭ്രാന്തി പരത്തി. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വീടിന്റെ വിവിധ മുറികളിൽ നിന്നായി അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെ കൂടി കണ്ടെത്തുകയായിരുന്നു. കുട്ടികൾ അത്ഭുതകരമായാണ് പാമ്പുകടിയിൽ നിന്ന് രക്ഷപ്പെട്ടത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പ് ശല്യം കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.