
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിൽ. പ്രതിദിന ഉപഭോഗം 117 ദശലക്ഷം യൂണിറ്റ് പിന്നിട്ടതോടെ രാത്രികാലങ്ങളിൽ അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് ആരംഭിച്ചു. പ്രതിസന്ധി പരിഹരിക്കാൻ നടപടി തുടരുകയാണെന്നും രണ്ട് ദിവസത്തിനുള്ളിൽ സ്ഥിതി ശാന്തമാകുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
കടുത്ത വേനലിൽ എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിച്ചതോടെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിലെത്തി. ഇതോടെ രാത്രികാലങ്ങളിൽ 15 മിനിറ്റ് വരെ നിയന്ത്രണം ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി വാക്കാൽ നിർദ്ദേശം നൽകിയിരിക്കുകയാണ്.
അതേസമയം ഒരാഴ്ച മുൻപ് മലബാറിൽ തുടങ്ങിയ നിയന്ത്രണം ഇപ്പോൾ തിരുവനന്തപുരം, കൊച്ചി മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്. 10 മുതൽ 15 മിനിറ്റ് വരെയാണ് നിലവിൽ വൈദ്യുതി തടസ്സപ്പെടുന്നത്.വരും ദിവസങ്ങളിലും ചൂട് തുടർന്നാൽ രാത്രികാല നിയന്ത്രണം 30 മിനിറ്റ് വരെയാക്കാൻ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന സൂചന.എന്നാൽ ഇത് ലോഡ്‌ഷെഡിംഗ് അല്ലെന്നും വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള ക്രമീകരണങ്ങൾ മാത്രമാണെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.