
മോദി സർക്കാർ രാജ്യത്തെ യഥാർത്ഥ പ്രതിസന്ധികളിൽ നിന്നും എപ്സ്റ്റീൻ ഫയൽ പോലുള്ള ഗുരുതരമായ ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ ഡിലിമിറ്റേഷൻ എന്ന നാടകം ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു. ഇന്ധന (Fuel), വളം എന്നീ മേഖലകളിൽ ബിജെപി സർക്കാർ പൂർണ്ണ പരാജയമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിനെ ബിജെപിയുടെ ‘ഡബിൾ എഫ്’ പരാജയമെന്ന് വിശേഷിപ്പിച്ചു. രാജ്യത്തെ ഇന്ധന ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതും അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതും ഖർഗെ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിൽ 14 ഇന്ത്യൻ കപ്പലുകൾ കഴിഞ്ഞ 54 ദിവസമായി കുടുങ്ങിക്കിടക്കുകയാണെന്നും ഇതിന് പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധന ഉൽപ്പാദനരംഗത്ത് രാജ്യം വലിയ തകർച്ചയാണ് നേരിടുന്നത്. മോദി ഭരണത്തിന് കീഴിൽ എണ്ണ ഉൽപ്പാദനം തുടർച്ചയായി 11-ാം വർഷവും കുറഞ്ഞു. 2014-15 മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം മൊത്തം ഉൽപ്പാദനത്തിൽ 22 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാതക ഉൽപ്പാദനത്തിലാവട്ടെ 40 ശതമാനത്തോളം കുറവുണ്ടായി. ഗ്രാമീണ മേഖലകളിൽ എൽപിജി കണക്ഷനുകൾക്കായി ആളുകൾ 45 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണെന്നും സിലിണ്ടറുകളുടെ കരിഞ്ചന്ത വ്യാപകമാണെന്നും ഖർഗെ പറഞ്ഞു. എല്ലാ മേഖലയിലും തകർച്ച നേരിടുമ്പോഴും ‘എല്ലാം ശുഭം’ എന്ന സർക്കാരിന്റെ നിലപാട് ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷിക മേഖലയെ തകർക്കുന്ന രീതിയിലുള്ള വളം ദൗർലഭ്യമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം വളം ഉൽപ്പാദനം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ചൈനയും റഷ്യയും വളം കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും മറ്റു സ്രോതസ്സുകൾ കണ്ടെത്താൻ സർക്കാർ തയ്യാറായില്ല. ഈ അനാസ്ഥയുടെ ആഘാതം അനുഭവിക്കുന്നത് സാധാരണക്കാരായ കർഷകരാണെന്നും ഖർഗെ കുറ്റപ്പെടുത്തി. ‘വിശ്വഗുരു’ പോലുള്ള പൊള്ളയായ പദങ്ങൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷിയുടെ വാക്കുകൾ പ്രധാനമന്ത്രി ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.