മലപ്പുറത്ത് പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം; നാട്ടുകാര്‍ പരിഭ്രാന്തിയിലായി

Jaihind News Bureau
Friday, April 24, 2026

 

മലപ്പുറം: പാമ്പിനെ പോക്കറ്റിലിട്ട് ചായക്കടയിലെത്തിയ അതിഥി തൊഴിലാളിയുടെ പ്രവൃത്തി മലപ്പുറം അരീക്കോട് ഒതായി അങ്ങാടിയില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം ഒതായി അങ്ങാടിയിലെ ചായക്കടയിലാണ് സംഭവം നടന്നത്.

ചായക്കടയില്‍ ഇരിക്കുകയായിരുന്ന തൊഴിലാളി, സമീപത്തുണ്ടായിരുന്ന ആള്‍ക്ക് തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് പാമ്പിനെ പുറത്തെടുത്ത് കാണിച്ചു കൊടുക്കുകയായിരുന്നു. പോക്കറ്റില്‍ ജീവനുള്ള പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ കടയിലുണ്ടായിരുന്നവരും നാട്ടുകാരും ആശങ്കയിലായി. തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ തന്നെ ഇടപെടുകയും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പാമ്പ് വിഷമില്ലാത്ത ഇനത്തില്‍പ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. തൊഴിലാളിയുടെ ഈ വിചിത്രമായ പെരുമാറ്റം പ്രദേശത്ത് അല്പനേരം പരിഭ്രാന്തി സൃഷ്ടിച്ചു.