
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. നിയോജകമണ്ഡല തലത്തില്‍ നടക്കുന്ന അവലോകന യോഗങ്ങളില്‍ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ തീരുമാനങ്ങള്‍ക്കെതിരെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി രംഗത്തെത്തി. ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ വാരിക്കോരി നല്കിയതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി നടത്തിയ സര്വേകളുമാണ് പ്രധാനമായും വിമര്‍ശനത്തിന് വിധേയമായത്.
പ്രധാന ഘടകകക്ഷികളായ ബി.ഡി.ജെ.എസും ട്വന്റി ട്വന്റിയും ‘അരാഷ്ട്രീയ സംഘടനകളാണെന്ന്’ യോഗങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. ട്വന്റി ട്വന്റിക്ക് 19 സീറ്റുകള്‍ നല്‍കിയത് സംസ്ഥാന നേതൃത്വത്തിന്റെ വലിയ വീഴ്ചയായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചോരനീര് വീഴ്ത്തി കെട്ടിപ്പടുത്ത മണ്ഡലങ്ങള്‍ ‘ആളില്ലാപ്പര്ട്ടികള്ക്ക്’ വിട്ടുനല്‍കിയത് പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്ന് നേതാക്കള്‍ തുറന്നടിച്ചു. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളില്ലാതെ ട്വന്റി ട്വന്റി നേതാക്കള്‍ അലയുകയായിരുന്നുവെന്നും ബി.ജെ.പി നേരത്തെ ഒഴിവാക്കിയവരെപ്പോലും ഇവര്‍ സ്ഥാനാര്‍ത്ഥികളാക്കിയെന്നും വിമര്‍ശനമുണ്ട്. രാഷ്ട്രീയപ്രവര്‍ത്തന പരിചയമില്ലാത്ത ഇത്തരം സ്ഥാനാര്‍ത്ഥികളെ ചുമക്കേണ്ടി വന്നത് പാര്‍ട്ടിയെ നാണം കെടുത്തിയെന്നും യോഗങ്ങളില്‍ അഭിപ്രായമുയര്‍ന്നു.
കേരളത്തെ ഓരോ തിരഞ്ഞെടുപ്പിലും പരീക്ഷണശാലയാക്കി മാറ്റുകയാണ് ദേശീയ നേതൃത്വമെന്ന് ചില നേതാക്കള്‍ കുറ്റപ്പെടുത്തി. സര്‍വേയിലൂടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന ശൈലി കേരളത്തിന് യോജിച്ചതല്ല. വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്നുപോലും പരിശോധിക്കാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും പിന്നീട് മാറ്റേണ്ടി വന്നതും പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു. ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ തിരഞ്ഞെടുപ്പില്‍ യാതൊരു ഫലവും ഉണ്ടാക്കിയില്ലെന്ന് പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയത് കേന്ദ്ര നേതൃത്വമാണെന്ന വിശദീകരണമാണ് സംസ്ഥാന നേതാക്കള്‍ നല്കുന്നതെങ്കിലും, താഴേത്തട്ടിലെ പ്രതിഷേധം തണുപ്പിക്കാന്‍ ഇത് പര്യാപ്തമാകുന്നില്ല. തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന ക്ഷമാപണത്തോടെയാണ് ഘടകകക്ഷി സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളില്‍ എത്തിയതെന്നും, പലര്‍ക്കും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയില്ലായിരുന്നുവെന്ന പരിഹാസവും വിമര്‍ശന യോഗങ്ങളില്‍ ഉയര്‍ന്നു.