
വനിതാ സംവരണ ബില്ലിന്റെ മറവിൽ മണ്ഡല പുനക്രമീകരണം നടത്തി അധികാരം എക്കാലവും കൈപ്പിടിയിലൊതുക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. അസമിലും ജമ്മു കശ്മീരിലും ഭരണപക്ഷത്തിന് അനുകൂലമായി മണ്ഡലങ്ങൾ പുനക്രമീകരിച്ച മാതൃക രാജ്യം മുഴുവൻ നടപ്പിലാക്കാനാണ് കേന്ദ്ര നീക്കം. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലെ തോൽവി മുന്നിൽക്കണ്ടാണ് ബിജെപി ഇത്തരം കുറുക്കുവഴികൾ തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടി ഒരിക്കലും വനിതാ സംവരണത്തിന് എതിരല്ലെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. എന്നാൽ, സംവരണത്തിന്റെ പേരിൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ അനുവദിക്കില്ല. മണ്ഡല പുനക്രമീകരണത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനസംഖ്യാനുപാതികമായി സീറ്റുകൾ വർധിപ്പിക്കുമ്പോൾ മികച്ച രീതിയിൽ ജനസംഖ്യ നിയന്ത്രിച്ച കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ലോക്‌സഭയിലെ പ്രാതിനിധ്യം കുറയുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ജനാധിപത്യപരമായ മൂല്യങ്ങളെ കശാപ്പ് ചെയ്ത് ഇന്ത്യയുടെ ഭരണം എന്നും സ്വന്തം കൈകളിൽ നിലനിർത്താമെന്ന കേന്ദ്രത്തിന്റെ മോഹം നടപ്പിലാകില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാപരമായ അവകാശങ്ങളെ അട്ടിമറിക്കുന്ന നീക്കങ്ങൾക്കെതിരെ കോൺഗ്രസ് ദേശീയതലത്തിൽ തന്നെ പ്രക്ഷോഭം ശക്തമാക്കുമെന്ന സൂചനയാണ് വേണുഗോപാൽ നൽകുന്നത്.