വിഴിഞ്ഞത്ത് നടുറോഡിൽ ക്രൂരത; ബാർ തർക്കത്തിനിടെ യുവാവിനെ തല്ലിക്കൊന്നു, പ്രതികൾ പിടിയിൽ

Jaihind News Bureau
Thursday, April 16, 2026

തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയിൽ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. മുക്കോല സ്വദേശിയായ സുമൻ (38) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ബാറിൽ വെച്ച് ഷാൻ എന്ന യുവാവുമായി പ്രതികൾ തർക്കത്തിലേർപ്പെട്ടിരുന്നു. ഇത് പരിഹരിക്കാൻ ഇടപെട്ട സുമനെ പ്രതികൾ ലക്ഷ്യം വെക്കുകയും പിന്തുടർന്ന് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ സഹോദരങ്ങളായ അച്ചു, അനന്തം എന്നിവരടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ക്രൂരമായ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബാറിൽ നിന്ന് പുറത്തേക്കോടിയ സുമനെ പിന്തുടർന്നെത്തിയ പ്രതികൾ നടുറോഡിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് അവശനായ സുമനെ വീണ്ടും ചവിട്ടുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതല്ലാതെ അക്രമം തടയാൻ തയ്യാറായില്ല എന്നത് സംഭവത്തിന്റെ ഭീകരത വർധിപ്പിക്കുന്നു.

റോഡിലൂടെ വന്ന യാത്രക്കാരാണ് അവശനിലയിലായ സുമനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ അദ്ദേഹം മരണപ്പെട്ടിരുന്നു. പിടിയിലായ പ്രതികൾ മദ്യലഹരിയിലായിരുന്നതിനാൽ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് പുറമെ അക്രമത്തിന് കൂട്ടുനിന്നവരെയും പോലീസ് നിരീക്ഷിച്ചു വരികയാണ്.