“വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും”; ട്രക്കിംഗുമായി വി.ഡി. സതീശൻ; വീഡിയോ വൈറൽ

Jaihind News Bureau
Thursday, April 16, 2026

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ പ്രചാരണ തിരക്കുകൾക്ക് വിരാമമിട്ട് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുടുംബാംഗങ്ങൾക്കൊപ്പം വനത്തിലൂടെ ട്രക്കിംഗ് നടത്തുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ചൂടിൽ നിന്ന് മാറി പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വി.ഡി. സതീശന്റെ ഈ പുതിയ ഭാവം അണികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഏറ്റെടുത്തു കഴിഞ്ഞു.

‘ഓപ്പോസിഷൻ ലീഡർ വി.ഡി’ എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ ഉല്ലാസയാത്രയുടെ വീഡിയോ പുറത്തുവിട്ടത്. വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന കുറിപ്പും ഏറെ ശ്രദ്ധേയമാണ്. “വനത്തിലാണ്, വനവാസത്തിനല്ല കട്ടായം. മേയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ നേതാവെന്ന് ഈ വാക്കുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ഇത്തരം നിമിഷങ്ങൾ മാനസിക ഉന്മേഷം നൽകുന്നതാണെന്ന കമന്റുകളുമായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.