
കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും മഹിളാ അസോസിയേഷന് നേതാവുമായ പി.കെ. ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം പുകയുന്നു. പാര്‍ട്ടിയുടെ ഉറച്ച കോട്ടകളില്‍ ഒന്നായി കരുതപ്പെടുന്ന തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെപ്പോലൊരു നേതാവിനെ ഇറക്കുന്നത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി സി.പി.എം അണികളും അനുകൂലികളുമാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമായും സോഷ്യല്‍ മീഡിയ ഇടങ്ങളിലൂടെയാണ് പാര്‍ട്ടിയുടെ സൈബര്‍ പോരാളികള്‍ തങ്ങളുടെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ എന്ന പരിഗണനയിലാണ് സീറ്റ് നല്‍കിയതെന്ന ആക്ഷേപമാണ് പ്രധാനമായും ഉയരുന്നത്.
പി.കെ. ശ്യാമളയുടെ ജനകീയതയില്ലായ്മയും മുന്‍കാല വിവാദങ്ങളും വിജയസാധ്യതയെ ബാധിക്കുമെന്ന് അണികള്‍ ഭയപ്പെടുന്നു. ആന്തൂര്‍ നഗരസഭാ അധ്യക്ഷയായിരുന്ന കാലത്ത് പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ആയുധമാക്കുമെന്നാണ് പ്രവര്‍ത്തകരുടെ വാദം. താഴെത്തട്ടിലുള്ള അണികളുമായോ പൊതുജനങ്ങളുമായോ ശ്യാമളയ്ക്ക് വേണ്ടത്ര ആത്മബന്ധമില്ലെന്നും, തളിപ്പറമ്പ് പോലുള്ള ഒരു വിഐപി മണ്ഡലം നിലനിര്‍ത്താന്‍ കൂടുതല്‍ ജനസമ്മതിയുള്ള നേതാവിനെ കണ്ടെത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
മണ്ഡലത്തിലെ മാറുന്ന വോട്ടിംഗ് രീതിയും നേതൃത്വത്തിന് മുന്നില്‍ അണികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം 22,000 ആയി കുറഞ്ഞതും, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന് ഈ മണ്ഡലത്തില്‍ എണ്ണായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയതും ഗൗരവകരമായ സൂചനകളാണെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി.എഫ് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നത് തടയാന്‍ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് താഴെത്തട്ടില്‍ നിന്നുള്ള സന്ദേശം.
അതേസമയം, പി.കെ. ശ്യാമളയെ അനുകൂലിക്കുന്ന വിഭാഗം ഈ വാദങ്ങളെ തള്ളിക്കളയുന്നുണ്ട്. മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ് അവരെന്നും, കേവലം ഒരു നേതാവിന്റെ ഭാര്യ എന്ന നിലയിലല്ല ശ്യാമളയെ പരിഗണിക്കുന്നതെന്നും ഇവര്‍ വാദിക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പട്ടികയ്ക്ക് ജില്ലാ നേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും, താഴെത്തട്ടിലെ പ്രതിഷേധം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി പുനര്‍ചിന്തനം നടത്തുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.