
ലണ്ടന്‍: വനിതാ ടി20 ലോകകപ്പിന്റെ ആവേശകരമായ മത്സരക്രമം ഐസിസി പുറത്തുവിട്ടു. ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെ ഇംഗ്ലണ്ടിലെ വിവിധ വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 12 ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. ജൂണ്‍ 14-ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യയുള്‍പ്പെടെ ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടക്കുക. കരുത്തരായ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ് എന്നിവരടങ്ങുന്ന കടുപ്പമേറിയ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബി-യില്‍ ആതിഥേയരായ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവര്‍ ഏറ്റുമുട്ടും. നെതര്‍ലന്‍ഡ്സ് ആദ്യമായാണ് വനിതാ ടി20 ലോകകപ്പിന് യോഗ്യത നേടുന്നത്. നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലന്‍ഡ് കിരീടം നിലനിര്‍ത്താനായുള്ള പോരാട്ടത്തിനിറങ്ങും.
ജൂണ്‍ 12-ന് ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും. ജൂലൈ 5-ന് ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്സ് മൈതാനത്താണ് ഫൈനല്‍ പോരാട്ടം.
ഇന്ത്യയുടെ മത്സരങ്ങള്‍
ജൂണ്‍ 14 (ഞായര്‍): ഇന്ത്യ vs പാകിസ്ഥാന്‍ (ബര്‍മിംഗ്ഹാം) – വൈകുന്നേരം 7:00
ജൂണ്‍ 17 (ബുധന്‍): ഇന്ത്യ vs നെതര്‍ലന്‍ഡ്സ് (ലീഡ്സ്) – വൈകുന്നേരം 7:00
ജൂണ്‍ 21 (ഞായര്‍): ഇന്ത്യ vs ദക്ഷിണാഫ്രിക്ക (മാഞ്ചസ്റ്റര്‍) – വൈകുന്നേരം 7:00
ജൂണ്‍ 25 (വ്യാഴം): ഇന്ത്യ vs ബംഗ്ലാദേശ് (മാഞ്ചസ്റ്റര്‍) – വൈകുന്നേരം 7:00
ജൂണ്‍ 28 (ഞായര്‍): ഇന്ത്യ vs ഓസ്ട്രേലിയ (ലണ്ടന്‍ – ലോര്‍ഡ്സ്) – വൈകുന്നേരം 7:00
സെമി ഫൈനല്‍ 1: ജൂണ്‍ 30 (ഓവല്‍, ലണ്ടന്‍)
സെമി ഫൈനല്‍ 2: ജൂലൈ 2 (ഓവല്‍, ലണ്ടന്‍)
ഫൈനല്‍: ജൂലൈ 5 (ലോര്‍ഡ്സ്, ലണ്ടന്‍)