കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടം; മരണം നാലായി

Jaihind News Bureau
Monday, February 23, 2026

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ നാലായി ഉയര്‍ന്നു. കിണാശ്ശേരി സ്വദേശികളായ അഷ്റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍, തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 11.55-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

കടപ്പുറത്തോട് ചേര്‍ന്നുള്ള വലിയങ്ങാടി പ്രവേശന കവാടത്തിന് സമീപത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് കെട്ടിടത്തിന് താഴെ ഏഴ് തൊഴിലാളികളാണ് വിശ്രമിച്ചിരുന്നത്. സ്ലാബുകള്‍ അടര്‍ന്നു വീഴുന്നത് കണ്ട് രണ്ട് പേര്‍ ഓടി മാറിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അവശേഷിച്ച അഞ്ച് പേരുടെ മേല്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് ബീമും സ്ലാബുകളും പതിക്കുകയായിരുന്നു.

ഉടന്‍ തന്നെ സമീപത്തെ തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ബീമിനടിയില്‍ കുടുങ്ങിയ മൂന്ന് പേരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. പഴയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടത്തിന് 60 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് വിവരം. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഒഴിയണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നതായാണ് സൂചന. എന്നാല്‍, വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തിലെ ചില വ്യാപാരികള്‍ നോട്ടീസ് അവഗണിച്ചതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരമധ്യത്തിലെ സുരക്ഷിതമല്ലാത്ത പഴയ കെട്ടിടങ്ങളെക്കുറിച്ചുള്ള വലിയ ആശങ്കയ്ക്കാണ് ഈ അപകടം വീണ്ടും തിരികൊളുത്തിയിരിക്കുന്നത്.