മലബാർ കടന്ന് പുതുയുഗ യാത്ര മധ്യകേരളത്തിലേക്ക്; തൃശൂരിൽ ഇന്ന് പന്ത്രണ്ടിടത്ത് സ്വീകരണം

Jaihind News Bureau
Wednesday, February 18, 2026

തൃശൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ മലബാറിലെ പര്യടനം വിജയകരമായി പൂർത്തിയാക്കി ഇന്ന് മധ്യകേരളത്തിലേക്ക് പ്രവേശിക്കുന്നു. പാലക്കാട് ജില്ലയിലെ ആവേശകരമായ സ്വീകരണങ്ങൾക്ക് ശേഷം തൃശൂർ ജില്ലയിലാണ് ഇന്ന് യാത്ര പര്യടനം നടത്തുന്നത്. ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് വമ്പിച്ച സ്വീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് ചേലക്കരയിൽ നിന്നാണ് ജില്ലയിലെ ആദ്യ സ്വീകരണ പരിപാടികൾ ആരംഭിക്കുന്നത്.

തുടർന്ന് വടക്കാഞ്ചേരി, കുന്നംകുളം, ചാവക്കാട്, പാവറട്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി യാത്ര മുന്നേറും. ഇന്നത്തെ പര്യടനം തൃശൂർ നഗരത്തിലാണ് സമാപിക്കുന്നത്. സമാപന സമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. മലബാറിലെ 62 നിയോജകമണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് ജാഥ തൃശൂരിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാലക്കാട് ജില്ലയിൽ നടന്ന പരിപാടികളിൽ ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ നടന്ന സമാപന ചടങ്ങിൽ വി.എസ്. അച്യുതാനന്ദന്റെ ദീർഘകാല സഹചാരിയായിരുന്ന എ. സുരേഷ് യു.ഡി.എഫിൽ ചേർന്നത് രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ ആവേശം തൃശൂരിലും തുടരുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം.