മട്ടന്നൂർ ബോംബ് സ്ഫോടനം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, July 7, 2022

 

കണ്ണൂർ: മട്ടന്നൂരിൽ വീടിനകത്ത് ഉണ്ടായ സ്ഫോടനത്തിൽ അസം സ്വദേശികളായ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബ് എവിടെ നിന്ന് ലഭിച്ചെന്ന് കണ്ടെത്താൻ പോലീസ്. ആക്രി സാധനങ്ങൾ ശേഖരിച്ച സ്ഥലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ബോംബ് പൊട്ടിയ വീട്ടിലും പരിസരത്തും പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ബോംബിന്‍റെ ഉറവിടത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ കണ്ടെത്തി. സ്റ്റീൽ ബോംബിന്‍റെ അവശിഷ്ടങ്ങൾ സ്ഫോടനം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്തു. സ്ഫോടനം നടന്ന വീടും പരിസരവും പോലീസും ബോംബ് സ്ക്വാഡും പരിശോധിച്ചു. കുറ്റിക്കാട്ടിലോ ആളൊഴിഞ്ഞ പറമ്പിലോ ഒളിപ്പിച്ചുവെച്ച സ്റ്റീൽ ബോംബ് നിധിയാണെന്ന് കരുതി എടുത്തു കൊണ്ടുവന്ന് തുറക്കാൻ ശ്രമിച്ചപ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം.

ഇന്നലെ സന്ധ്യയോടെയാണ് മട്ടന്നൂരിനടുത്ത് കാശിമുക്കിന് സമീപം പത്തൊൻപതാം മൈലിലെ വാടക വീട്ടിൽ സ്ഫോടനം ഉണ്ടായത്. ആക്രിക്കച്ചവടം നടത്തുന്ന അസം സ്വദേശികളായ ഫസൽ ഹഖ്, ഷഹിദുൾ എന്നിവരാണ് മരിച്ചത്. വീടിന്‍റെ മുകളിലത്തെ നിലയിലെ മുറിയിലാണ് സ്ഫോടനം നടന്നത്. പൊട്ടിത്തെറിയിൽ ഓടിട്ട  വീടിന്‍റെ മേൽക്കൂര ഇളകി തെറിച്ചു. സ്ഫോടനത്തിൽ കേസ് രജിസ്റ്റർ ചെയ്ത മട്ടന്നൂർ പൊലീസ് അസം സ്വദേശികളിൽ നിന്നും പ്രദേശവാസികളിൽ  നിന്നും വിശദമായ മൊഴിയെടുത്തു.   ആക്രി ശേഖരിക്കുന്നതിന് ഇടയിൽ എവിടെ നിന്നാണ് ഈ സ്റ്റീൽ ബോംബ് കിട്ടിയതെന്ന് പോലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രി സാധനങ്ങൾ ശേഖരിച്ച സ്ഥലം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

സിപിഎമ്മിനും ബിജെപിക്കും ഒരുപോലെ സ്വാധീനമുള്ള പ്രദേശമാണിത്. സ്റ്റീൽ ബോംബ് പൊട്ടി രണ്ട് പേർ മരിക്കാൻ ഇടയായ സംഭവം ജനങ്ങൾക്ക് ഇടയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ബോംബിന്‍റെ ഉറവിടത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.