‘മതേതരത്വം സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്‍റെ ബാധ്യത’; കെ സുധാകരന്‍ എംപി താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തി

Jaihind Webdesk
Thursday, September 16, 2021

 

കോട്ടയം  : കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തി. നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സമവായത്തിന് മുന്‍കൈയെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എന്നാല്‍ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഇതുവരെയുണ്ടായില്ല.  പ്രശ്നപരിഹാരത്തിന് കോണ്‍ഗ്രസ് മുന്‍കൈയെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ ശാശ്വതമായ സമാധാന അന്തരീക്ഷം വേണം. മതേതരത്വമാണ് നമ്മുടെ അസ്തിത്വം. മതേതരത്വം ഇന്ത്യക്ക് നൽകിയ പാർട്ടിയാണ് കോൺഗ്രസ്. അത് സംരക്ഷിക്കുക എന്നത് കോൺഗ്രസ് പാർട്ടിയുടെ ബാധ്യതയാണ്. അറിഞ്ഞോ അറിയാതെയോ ഉണ്ടായ കാലുഷ്യം നിറഞ്ഞ ഒരു സാഹചര്യം പരിഹരിക്കാൻ മുൻകൈയെടുക്കേണ്ടത് സർക്കാരാണ്. ഇക്കാര്യം പ്രതിപക്ഷം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഇതുവരെയുണ്ടായിട്ടില്ല.

ഇമാമുമായും ബിഷപ്പുമായും ഇക്കാര്യം ചർച്ച ചെയ്യതായും അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്നും കെ സുധാകരന്‍ എംപി അറിയിച്ചു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ട് സമവായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നും പ്രശ്‌നപരിഹാരത്തിനുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.