ഇന്ന് വിഷു ; നല്ല നാളേക്കായി പ്രതീക്ഷയോടെ മലയാളികള്‍

Jaihind Webdesk
Wednesday, April 14, 2021

 

തിരുവനന്തപുരം: ഐശ്വര്യത്തിന്‍റെയും കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങളിലടക്കം ലളിതമായ ചടങ്ങുകള്‍ മാത്രമാണ് നടക്കുന്നത്. വീടുകളില്‍ കണിയൊരുക്കിയും കൈനീട്ടം നല്‍കിയും വിഷു ആഘോഷിക്കുകയാണ് മലയാളികള്‍.

അടുത്ത ഒരു വര്‍ഷത്തെ ഫലത്തിന് തുടക്കമിടുന്ന ദിനമെന്ന വിശ്വാസമുള്ളതിനാല്‍ ഏറെ പ്രാധാന്യത്തോടെയാണ് മലയാളികള്‍ വിഷുവിനെ കാണുന്നത്. വിഷുവെന്നാല്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഗൃഹാതുരതയാണ്. ഓട്ടുരുളിയും കണിവെളളരിയും ഉണ്ണിക്കണ്ണനും കണിക്കൊന്നയുമായി ഭക്തിനിറഞ്ഞ മനോഹരകാഴ്ച കണികണ്ടുണരുന്ന സുന്ദരസുരഭില ദിനം. അതേസമയം കൊവിഡ് വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തില്‍ ഇത്തവണ പുറമെയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കി വിഷുകണിയും വിഷുസദ്യയും ഒരുക്കി വീടുകളില്‍ തന്നെ കഴിഞ്ഞുകൂടുകയാണ് മലയാളികള്‍.

വിഷുവെന്നാല്‍ രാത്രിയും പകലും തുല്യമായത് എന്നാണര്‍ഥം. വിഷുവുമായി ബന്ധപ്പെട്ട് നിരവധി ഐത്യഹ്യങ്ങളും നിലവിലുണ്ട്. നരകാസുരനെ ശ്രീകൃഷ്ണ ഭഗവാന്‍ നിഗ്രഹിച്ച ദിനമാണ് വിഷുവെന്നതാണ് ഐത്യഹ്യങ്ങളില്‍ ഒന്ന്. കേരളത്തിന്റെ വിളവെടുപ്പ് ഉല്‍സവമായതിനാല്‍ തന്നെ വീട്ടുമുട്ടത്തും കൃഷിയിടങ്ങളിലെയും വിഭവങ്ങളാണ് കണിക്കായി ഒരുക്കുന്നത്. കണ്ണിനും മനസിനും കുളിരായി, വരുന്ന ഒരു വര്‍ഷത്തെ നന്മക്കുളള പ്രാര്‍ഥനകളുമായി വീണ്ടുമൊരു വിഷുകൂടി എത്തുമ്പോള്‍ എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേരുന്നു.