മൻസൂറിന്‍റെ കൊലപാതകം : ജില്ലയിൽ ഭരണകൂടവും പോലീസും നിഷ്പക്ഷമല്ല ; മുസ്ലിം ലീഗ്

Jaihind Webdesk
Thursday, April 8, 2021

കണ്ണൂർ : പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ മൃഗീയമായ കൊലപാതകത്തെ തുടർന്ന് ജില്ലാ കലക്ടർ വിളിച്ചു ചേർത്ത സമാധാന യോഗം മുസ്ലിം ലീഗും യു.ഡി.എഫും ബഹിഷ്കരിക്കുകയുണ്ടായി.

കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും സംഭവ സ്ഥലത്ത് വെച്ച് മൻസൂറിന്‍റെ ജ്യേഷ്ഠൻ മുഹസിൻ പിടിച്ചു പോലീസിനെ ഏൽപിച്ച ഒരു പ്രതിയുടെ അറസ്റ്റ് മാത്രമാണ് ഇത് വരെ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. പതിനൊന്നോളം പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞിട്ടും അതിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞില്ല.

എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ, മൻസൂറിന്‍റെ ഖബറടക്കത്തിന് ശേഷം ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് ഏതാനും സി.പി.എം ഓഫീസുകൾ തകർക്കപ്പെട്ടതിന്‍റെ പേരിൽ 24 മുസ്ലിം ലീഗ് പ്രവർത്തകരെ പോലീസ് വളഞ്ഞ് പിടിക്കുകയും മൃഗീയമായി മർദ്ദിച്ച് തലതല്ലിപ്പൊട്ടിച്ച് അവർ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ കഴിയുകയുമാണ്.

അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തിയ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കൊളവല്ലൂർ പോലീസ്ആട്ടിപ്പായിക്കുകയാണുണ്ടായത്.

പോലീസിന്‍റെ ഈ നീതി നിഷേധത്തിനെതിരെ യു.ഡി.എഫ്.പ്രക്ഷോഭം ആരംഭിക്കുകയാണ്. പഞ്ചായത്ത് തലങ്ങളിൽ നടക്കുന്ന പ്രകടനത്തോടും പ്രതിഷേധ കൂട്ടായ്മയോടും കൂടി പ്രക്ഷോഭം ആരംഭിക്കും. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരും.

പിണറായിയുടെ ജില്ലയിൽ പോലീസിന്‍റെ കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ് ഭരണകൂടം.

പോലീസിന്‍റെX ഭാഗത്ത് നിന്ന് നീതിയുക്തമായ നിലപാടുണ്ടാകുന്നത് വരെ ജില്ലാ ഭരണകൂടം നടത്തുന്ന സമാധാന ശ്രമങ്ങൾ പ്രഹസനമായിരിക്കും. തങ്ങൾ നിഷ്പക്ഷമാണെന്ന് കാണിക്കേണ്ട ബാധ്യത ജില്ലാ ഭരണകൂടത്തിനും പോലീസിനുമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുൽ ഖാദർ മൗലവി ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ് ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽകരീംചേലേരി എന്നിവർ സമാധാനയോഗത്തിൽ വ്യക്തമാക്കി.