പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥി 5 ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് സത്യവാങ്മൂലം

Jaihind News Bureau
Tuesday, September 3, 2019

പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥി 5 ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് സത്യവാങ്മൂലം. 2015 മുതൽ 2019 വരെ മിക്കവാറും എല്ലാ വർഷവും ചെക്ക് നൽകി ഒരാളെയെങ്കിലും വഞ്ചിച്ചതിന് ഇദ്ദേഹത്തിന്‍റെ പേരില്‍ കേസുണ്ട്. 5 കേസുകളിലായി ആകെ 3.25 കോടി രൂപയുടെ ചെക്കാണ് ഇടപാടുകാര്‍ക്ക് നല്‍കി വഞ്ചിച്ചിരിക്കുന്നത്.

വെറു ഒരു ആരോപണമല്ല മറിച്ച് മാണി സി കാപ്പൻ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച സത്യവാങ്ങ്മൂലം പ്രകാരം ലഭ്യമാകുന്ന വിവരമാണ് ഇത്. ഒന്നും രണ്ടുമല്ല, അഞ്ച് ചെക്ക് കേസുകളിൽ പ്രതിയാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. 2015 മുതൽ 2019 വരെ മിക്കവാറും എല്ലാ വർഷവും എൽ ഡി എഫ് സ്ഥാനാർത്ഥി ചെക്ക് നൽകി ഒരാളെയെങ്കിലും വഞ്ചിച്ചതിന് കേസുണ്ട്.

2015-ൽ (കേസ് നമ്പർ 3277/15) 50 ലക്ഷം രൂപയുടെ ചെക്ക് കേസ്, 2016-ൽ (കേസ് നമ്പർ 2080/16) 1 കോടി രൂപയുടെ ചെക്ക് കേസ്, 2016-ൽ വീണ്ടും (കേസ് നമ്പർ 2081/6) 1കോടി രൂപയുടെ ചെക്ക് കേസ്, 2018-ൽ (കേസ് നമ്പർ 3572.8) ചെക്ക് കേസ്, 2019-ൽ (കേസ് നമ്പർ 2394/19) 75 ലക്ഷം രൂപയുടെ ചെക്ക് കേസ് എന്നിങ്ങനെ ആകെ 3.25 കോടി രൂപയുടെ ചെക്ക് നൽകി ഇടപാടുകാരെ വഞ്ചിച്ച കേസിലെ പ്രതിയാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി.

ഇതിൽ നാല് കേസുകൾ മഹാരാഷ്ട്രയിലെ ബോറിവാലി അഡീഷണൽ മെട്രോപൊലിറ്റൻ മജിസ്ട്രേറ്റ് കോടതിയിലും, അഞ്ചാമത്തേത് കോട്ടയം കോടതിയിലുമാണ് നിലനിൽക്കുന്നത്. ഇതിൽ 4 കേസുകളിലും 2019 ഏപ്രിൽ 1ന് കുറ്റപത്രവും സമർപ്പിച്ചു കഴിഞ്ഞു. ആറ് മാസം മുതൽ 2 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. ഏതെങ്കിലും ഒരു കേസിൽ തടവ് ശിക്ഷ ലഭിച്ചാൽ ഈ സ്ഥാനാർത്ഥി അഴികള്‍ക്ക് പിന്നിലാകാനും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ജനപ്രതിനിധി സ്ഥാനം വരെ ഇല്ലാതാകാനും ഇടയാകും.