‘മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കില്ല’; എന്‍.സി.പിയില്‍ കൂട്ട രാജി; നേതാക്കള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ പാര്‍ട്ടിവിട്ടു

Jaihind Webdesk
Sunday, September 15, 2019

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മാണി സി. കാപ്പനെ മത്സരിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം. എന്‍.സി.പി കോട്ടയം ജില്ല കമ്മിറ്റിയില്‍ ഉഴവൂര്‍ വിജയന്‍ പക്ഷത്തുണ്ടായിരുന്ന വലിയൊരു വിഭാഗം ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അഭിപ്രായഭിന്നതയെ തുടര്‍ന്ന് ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളി ഉള്‍പ്പടെ 100ഓളം പേര്‍ രാജിവെച്ചതായാണ് വിവരം. ഇവര്‍ പ്രത്യേകം യോഗം ചേരുകയും ചെയ്തു.

എന്‍.സി.പി കോട്ടയം ജില്ല കമ്മിറ്റിയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ നേരത്തെ തന്നെ പടയൊരുക്കം തുടങ്ങിയിരുന്നു. മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ഥിയാക്കരുത് എന്നാവശ്യപ്പെട്ട് മറുവിഭാഗം ദേശീയ നേതൃത്വത്തെ വരെ സമീപിച്ചിരുന്നു. എന്നാല്‍, ഇത് അവഗണിച്ചാണ് പാലായില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്.

പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് എന്‍.സി.പിയോട് എല്‍.ഡി.എഫ് നിര്‍ദേശിച്ചിരുന്നു. പക്ഷേ, പരിഹരിക്കാനുള്ള നടപടികളൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജില്ല കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പടെ 100ഓളം പേര്‍ രാജി തീരുമാനത്തിലെത്തിയത്. ഉഴവൂര്‍ വിജയന്‍ വിഭാഗത്തെ നിരന്തരം അടിച്ചമര്‍ത്തുന്നതിനെതിരെയുള്ള പ്രതിഷേധമാണ് രാജിയെന്ന് നേതാക്കള്‍ പറഞ്ഞു.