വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കരാര്‍ ജീവനക്കാരനെ പിരിച്ചുവിട്ടു; നടപടി തൊഴിലുറപ്പു പദ്ധതിയുടെ അക്രഡിറ്റഡ് എൻജിനീയർക്കെതിരെ

Jaihind News Bureau
Saturday, February 1, 2020

പാലക്കാട് അമ്പലപ്പാറ പഞ്ചായത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി കരാർ അടിസ്ഥാനത്തിൽ നിയമനം നേടിയ എൻജിനീയറെ പിരിച്ചുവിട്ടു. തൊഴിലുറപ്പു പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയർ അനീഷിനെതിരെയാണ് നടപടി. സേവന കാലയളവിൽ കൈപ്പറ്റിയ ആനുകൂല്യങ്ങൾ പലിശ സഹിതം ഇയാളിൽ നിന്ന് തിരിച്ചുപിടിക്കുമന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

സിപിഎം ഭരിക്കുന്ന അമ്പലപ്പാറ പഞ്ചായത്തിലാണ് കരാർ അടിസ്ഥാനത്തിലുളള എൻജിനീയറിംഗ് നിയമനത്തിൽ ക്രമക്കേട് കണ്ടെത്തിയത്. നിയമനം നേടിയ അനീഷ്, കാലിക്കറ്റ് സർവ്വകലാശാലയുടെ ബി.ടെക് സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചതെന്ന് നേരത്തെ പഞ്ചായത്തംഗങ്ങൾ പരാതി ഉന്നയിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റ് എൻജിനീയറായ അനീഷിനെതിരെ വകുപ്പുമേധാവിക്കും പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. വ്യാജരേഖ ചമയ്ക്കല്‍ ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തി അനീഷിനെതിരെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്

നേരത്തെ, തൊഴിലുറപ്പ് പദ്ധതിയുടെ ജില്ല കോഓ‍‍ർഡിനേറ്റർക്കും ഇതേ പരാതിനൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം നടപടി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. സംഭവത്തെ ന്യായീകരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്‍റ് ചെയ്യുന്നത്. കൈപറ്റിയ ശമ്പളവും ആനുകൂല്യവും ഉൾപ്പെടെ പലിശ സഹിതം 1,49,192 രൂപ അനീഷിൽ നിന്ന് ഈടാക്കും. എന്നാൽ ക്രമക്കേടിന് കൂട്ടുനിന്ന സിപിഎം ഭരണസമിതിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം.

https://www.youtube.com/watch?v=7D618W9utq8