കോട്ടയം ജില്ലയില്‍ മഴയ്ക്ക് ശമനം; ആശങ്കയ്ക്ക് താല്‍കാലിക വിരാമം

Jaihind News Bureau
Sunday, August 11, 2019

കോട്ടയം ജില്ലയില്‍ മഴയ്ക്ക് ശമനം. ഇന്നലെ മുതൽ ജില്ലയിൽ മഴ പെയ്തിട്ടില്ല . പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം മേഖലകള്‍ പൂര്‍വ സ്ഥിതിലേക്കെത്തുന്നു. കോട്ടയം മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. 123 ക്യാംപുകളിലായി പതിനായിരത്തി അഞ്ഞുറോളം ആളുകളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

നാലു ദിവസത്തിന് ശേഷം മഴ മാറി വെയില്‍ തെളിഞ്ഞു. ജനങ്ങളുടെ ആശങ്കയ്ക്ക് താല്‍കാലിക വിരാമം. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വെള്ളമിറങ്ങിയതോടെ പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം മേഖലകള്‍ പൂര്‍വ സ്ഥിതിയിലേക്കെത്തുകയാണ്. ഇവിടങ്ങളിലെ വൈദ്യുതബന്ധം പുനസ്ഥാപിച്ചു വരുന്നു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഗതാഗതം പുനസ്ഥാപിച്ചുണ്ട്. കാഞ്ഞിരപ്പള്ളിയിലെ ഒരു ദുരിതാശ്വാസ ക്യാംപ് പിരിച്ചു വിട്ടു.

ഈ മേഖലയിലെ നാശനഷ്ടത്തിന്‍റെ കണക്കെടുപ്പും ആരംഭിച്ചിട്ടുണ്ട്. കോട്ടയം മേഖലയില്‍ 62 ലക്ഷത്തിന്‍റെയും പാലാ മേഖയില്‍ 47 ലക്ഷത്തിന്‍റെയും നാശനഷ്ടം ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. അതേസമയം കോട്ടയം ടൗണ്‍ പ്രദേശത്ത് നിരവധി വീടുകള്‍ വെള്ളത്തിനടിയിലാണ്. 123 ദുരിതാശ്വാസ ക്യാംപുകളിലായി പതിനായിരത്തി അഞ്ഞൂറോളം ആളുകളാണ് ഉള്ളത്. കോട്ടയം മേഖലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ദുരാതാശാസ ക്യാംപുകളുള്ളത്. 86 ക്യാംപുകളിലായി 1500ലധികം ആളുകളുണ്ട്.

മൂന്നാര്‍, ആലപ്പുഴ, കുമരകം, ചേര്‍ത്തല പ്രദേശങ്ങളിലേക്ക് കോട്ടയത്തു നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി വച്ചു. ജില്ലയുടെ ചില പ്രദേശങ്ങളില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്.