ജനത്തെ വലച്ച് അപ്രോച്ച് റോഡ് നിർമാണം അനിശ്ചിതമായി നീളുന്നു

Jaihind News Bureau
Tuesday, November 26, 2019

കോട്ടയം പനയകഴിപ്പിൽ അപ്രോച്ച് റോഡ് നിർമാണം അനിശ്ചിതമായി നീണ്ടു പോകുന്നത് പ്രദേശവാസികളെ വലയ്ക്കുന്നു. മേൽപാല നിർമാണത്തിനാത്തിനായി അറുമാസത്തേക്ക് അടച്ച റോഡ് രണ്ടു വർഷമായിട്ടും അറ്റകുറ്റപ്പണികൾ നടത്തി തുറന്നു കൊടുത്തിട്ടില്ല. കോട്ടയം ടൗണിലക്കുള്ള ഇവിടുത്തുകാരുടെ ഏകപാത കൂടിയാണിത്. റോഡിലൂടെയുള്ള സഞ്ചാരം സാധ്യമാകാത്ത സാഹചര്യത്തിൽ ആളുകൾ റെയിൽ പാതയിലൂടെ നടക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

റോഡിലൂടെയുള്ള മണ്ണും ചെളിയും ഒഴിവാക്കി റെയിൽവേ ട്രാക്കിലൂടെ നടന്നു പോകാൻ ശ്രമിച്ച ഒരാളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കോട്ടയത്തു നിന്നും ചുങ്കത്തേക്ക് പോകുന്ന വഴിയിൽ പനയകഴിപ്പിലാണ് റോഡ് നിർമാണം പൂർത്തിയാകാത്തതിനെ തുടർന്ന് ഇത്തരത്തിൽ അപകട സാധ്യയേറുന്നത്. അപ്രോച്ച് റോഡ് നിർമാണം എങ്ങുമെത്താതെ നിർക്കുന്നതാണ് ഇതിലൂടെയുള്ള സഞ്ചാരം ദുഷ്‌കരമാക്കുന്നത്. മേൽപാല നിർമാണത്തിനായി 6 മാസത്തേക്കാണ് റോഡ് അടച്ചിട്ടത്. അടിപ്പാത രണ്ട് മാസം കൊണ്ട് മാസം് നിർമാണം പൂർത്തിയാക്കും എന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞിട്ടും റോഡ് തുറന്നു കൊടുക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

വെള്ളക്കെട്ടു മൂലം കാൽനടയാത്ര പോലും ഇവിടെ അസാധ്യമാണ്. നഗരത്തിലേക്കുള്ള നാട്ടുകാരുടെ ഏകപാത കൂടിയാണിത്. 83 കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. റോഡിന്‍റെ ഓരത്തുണ്ടായിരുന്ന ഓടമൂടിപ്പോയതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്നും നാട്ടുകാർ പറയുന്നു.

അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.