സാമ്പത്തിക വളർച്ചയില്‍ ഇന്ത്യ ഏറെ താഴേക്ക് പോയെന്ന് ഉമ്മന്‍ചാണ്ടി; കോട്ടയം DCC പ്രസിഡന്‍റ് ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് തുടക്കം

Jaihind News Bureau
Saturday, February 1, 2020

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഉമ്മന്‍ചാണ്ടി. സാമ്പത്തിക വളർച്ചയില്‍ ഇന്ത്യ ഏറെ താഴേക്ക് പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമ്പത്തിക രംഗത്ത് നരേന്ദ്ര മോഡി സർക്കാർ പറഞ്ഞ കണക്കുകൾ എല്ലാം തെറ്റിയിരിക്കുകയാണ്. രാജ്യം ഭരിക്കുന്ന ബി.ജെ.പി.യ്ക്കും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും പാർട്ടി അജണ്ട നടപ്പാക്കുന്ന കാര്യത്തിൽ പൂർണ്ണയോജിപ്പാണ് ഉള്ളതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ കോട്ടയം ജില്ല കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്‍റ് ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര വൈക്കം കാട്ടിക്കുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനെട്ട് ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര ഫെബ്രുവരി 28നാണ് സമാപിക്കുന്നത്.

ചരിത്രമുറങ്ങുന്ന വൈക്കത്തെ കാട്ടിക്കുന്നിൽ നിന്നും ആയിരങ്ങളുടെ അകമ്പടിയോടെയാണ് ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര ആരംഭിച്ചത്.1989-ൽ രാജീവ് ഗാന്ധി ദേശീയ ഐക്യത്തിനായി നടത്തിയ പദയാത്രയെ ഓർമ്മപ്പെടുത്തുന്നതാണ് ഈ പദയാത്രയെന്നു് ഉമ്മൻ ചാണ്ടി പറഞ്ഞു.രാജ്യം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്.

ഡിസിസി പ്രസിഡന്‍റിന് പ്രതിവർണ്ണപതാക കൈമാറിയാണ് പദയാത്രയുടെ ഉൽഘാടനം ഉമ്മൻ ചാണ്ടി നിർവഹിച്ചത്. കോൺഗ്രസ്സ് നേതാക്കളായ കെ.ബാബു, കെ.സി.ജോസഫ്, ജെയ്സൺ ജോസഫ്‌, ലതികാ സുഭഷ്, ഐ.കെ.രാജു, ജോസി സെബാസ്റ്റ്യൻ, ടോമി കല്ലാനി തുടങ്ങി നേതൃനിര തന്നെ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. പ്രക്ഷോഭ യാത്രയുടെ ആദ്യ ദിവസത്തെ പര്യടനം തലയോലപ്പറമ്പിൽ സമാപിക്കും.