പാലായില്‍ മാണി സി കാപ്പന് വീണ്ടും തിരിച്ചടി; എൻസിപിയില്‍ ഭിന്നത രൂക്ഷം; ആരോപണവിധേയന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍ സി പി മഹിളാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്‍റ് റാണി സാംജി രാജിവച്ചു

Jaihind News Bureau
Wednesday, September 18, 2019

എൻസിപിയില്‍ ഭിന്നത രൂക്ഷം. പാലായിലെ എൻസിപി സ്ഥാനാർത്ഥി മാണി സി കാപ്പന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ എൻ.സി.പി യിൽ വീണ്ടും രാജി. എൻസിപി മഹിളാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്‍റ് റാണി സാംജിയാണ് ആണ് ഇപ്പോൾ രാജി വച്ചിരിക്കുന്നത്.

പാലാ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട പൂവരണി സ്വദേശിയും കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണങ്ങാനം ഡിവിഷനില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയുമായിരുന്ന റാണി സാംജിയുടെ രാജി പാലായില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന മാണി സി കാപ്പന് കടുത്ത തിരിച്ചടിയാണ്.

പാലായില്‍ പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളിലോ ജനകീയ സമരങ്ങളിലോ പങ്കാളിയല്ലാതിരുന്നയാളെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ നേരത്തെ തന്നെ എന്‍ സി പി നേതൃത്വത്തിന് റാണി സാംജി ഉള്‍പ്പെടെ നിരവധി പേര്‍ പരാതി നല്‍കിയിരുന്നു.

ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ചു സംസാരിച്ചു എന്നതാണ് മാണി സി കാപ്പനെതിരെ ഉയരുന്ന ഒരു ആരോപണം. ഇക്കാര്യം എന്‍ സി പി സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി എംഎല്‍എയ്ക്ക് അയച്ച കത്തില്‍ റാണി സാംജി ചൂണ്ടിക്കാട്ടുന്നു. എന്‍ സി പിയില്‍ ഉഴവൂര്‍ വിജയന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളാണ്‌ റാണി.

കൂടാതെ, നിരവധി ചെക്ക് കേസുകളിലും കബളിപ്പിക്കല്‍ കേസുകളിലും പ്രതിയായിട്ടുള്ള വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പാര്‍ട്ടിയുടെ ഭാരവാഹിത്വവും പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നതെന്ന് റാണി സാംജി കത്തില്‍ പറയുന്നു.