മാണി സി കാപ്പനെതിരെ സാമ്പത്തിക ആരോപണം; ആരോപണവുമായി മുംബൈയിലെ വ്യവസായി

Jaihind News Bureau
Wednesday, September 18, 2019

മാണി സി കാപ്പനെതിരെ സാമ്പത്തിക ആരോപണം. മുംബൈയിലെ വ്യവസായിയായ ദിനേശ് മേനോൻ ആണ് ആരോപണവുമായി എത്തിയത്. വി എസ് അച്ചുതാനന്ദൻ സർക്കാരിന്‍റെ കാലത്ത് കണ്ണൂർ എയർപോര്‍ട്ടിന്‍റെ ഷെയർ നൽകാമെന്ന് പറഞ്ഞ് 3.50 കോടി രൂപ വാങ്ങിയെന്നാണ് അദ്ദേഹം പറയുന്നത്. ഇതില്‍ 25 ലക്ഷം രൂപ 2012 ൽ തിരികെ നല്‍കിയെന്നും ദിനേശ് മേനോന്‍ പറയുന്നു.

ഇക്കാര്യത്തില്‍ സിബിഐ യെ സമീപിച്ചുവെന്നും 4 ക്രിമിനൽ കേസുകള്‍ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 4 കേസിലും കാപ്പൻ ഇപ്പോള്‍ ജാമ്യത്തിലാണ്. ഇത്തരത്തില്‍ ഒരു “ഫ്രാഡ്” ആയ കാപ്പന് തിരഞ്ഞെടുപ്പിൽ നിൽക്കാൻ കഴിയില്ലെന്നും വ്യവസായിയായ ദിനേശ് മേനോൻ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ ഉഴവൂർ വിജയനെയും അറിയിച്ചിരുന്നു. പീതാംബരൻ മാസ്റ്റർ പരാതി കേട്ടില്ല.

ഇത്തരക്കാരെ നിയമസഭയിലേക്കല്ല ജയിലിലേക്കാണ് അയക്കേണ്ടതെന്നും ക്ഷമ നശിച്ചതിനാലാണ് ഇപ്പോൾ രംഗത്ത് വന്നതെന്നും ദിനേശ് പറഞ്ഞു.