കമല്‍ ഹാസന്‍റെ ‘ഇന്ത്യന്‍ 2’ ഷൂട്ടിംഗ് ലൊക്കേഷനില്‍ ക്രെയിന്‍ അപകടം ; മൂന്ന് പേർ മരിച്ചു

Jaihind News Bureau
Thursday, February 20, 2020

നടൻ കമൽഹാസന്‍റെ ചെന്നൈ പൂനമല്ലിയിലെ ഷൂട്ടിംഗ് സെറ്റിൽ ക്രെയിൻ മറിഞ്ഞ് വീണ് രണ്ട് സഹസംവിധായകരുൾപ്പെടെ 3 പേർ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സിനിമയുടെ സംവിധായകൻ ശങ്കറിനും പരിക്കേറ്റു. വേദനാജനകമായ സംഭവമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

കമൽഹാസന്‍റെ ഇന്ത്യൻ 2 ന്‍റെ ചെന്നൈയിലെ പൂനമല്ലി സെറ്റിൽ വച്ചാണ് അപകടമുണ്ടായത്. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംവിധായകൻ ശങ്കറും സഹസംവിധായകരായും ഇരുന്ന ടെന്‍റിന് മുകളിലേക്ക് ക്രെയിൻ വീഴുകയായിരുന്നു. സഹസംവിധായകയരായ മധു, കൃഷ്ണ എന്നിവരുൾപ്പെടെ 3 പേരാണ് മരിച്ചത്.
സംവിധായകൻ ശങ്കറിന്‍റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അപകട സമയത്ത് നടൻ കമൽഹാസൻ ലൊക്കേഷനിൽ ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകരുടെ വിയോഗം ഏറ്റവും വേദനാജനകമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും ഭയാനകമായ അപകടമാണ് സംഭവിച്ചതെന്നും കമൽ ഹാസൻ പ്രതികരിച്ചു.

കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഇന്ത്യൻ 2’ വിന്‍റെ ഷൂട്ടിംഗ് നേരത്തെ ബജറ്റുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭിപ്രായ ഭിന്നതമൂലം ഇടയ്ക്ക് വെച്ച് നിന്നുപോയിരുന്നു. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസുമായി സംവിധായകൻ ശങ്കർ നടത്തിയ ചർച്ചയെ തുടർന്നാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. 1996ലാണ് കമൽഹാസൻ-ശങ്കർ ടീമിന്‍റെ ‘ഇന്ത്യൻ’ തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996 ലെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.