ഗോഡ്‌സേയുടെ ചരിത്രമാണ് പറഞ്ഞത്: അറസ്റ്റിനെ ഭയക്കുന്നില്ല: കമല്‍ഹാസന്‍

Jaihind Webdesk
Friday, May 17, 2019

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഗോഡ്‌സെയെന്ന ഹിന്ദുവാണെന്ന പരാമര്‍ശത്തില്‍ ഉറച്ച് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. ഗോഡ്‌സേയെക്കുറിച്ച് തന്റെ പരാമര്‍ശത്തില്‍ അറസ്റ്റുണ്ടായാലും ഭയക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു എല്ലാ മതത്തിലും തീവ്രവാദികളുണ്ട്. ഗോഡ്‌സേയെക്കുറിച്ച് പറഞ്ഞത് ചരിത്രമാണ്. രണ്ടോ നാലോ ആളുകള്‍ എതിര്‍പ്പുമായി എത്തിയപ്പോള്‍ തനിക്ക് പ്രചാരണാനുമതി നിഷേധിച്ചത് ശരിയല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.
153അ, 295 അ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറവാകുറിച്ചി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെയ് 12ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണ്’ എന്ന് കമല്‍ ഹാസന്‍ പറഞ്ഞത്.