മത്സരിക്കുന്നില്ലെന്ന് അറിയിച്ച് കമല്‍ ഹാസന്‍; മക്കള്‍ നീതി മയ്യം പ്രകടനപത്രിക പുറത്തിറക്കി

Jaihind Webdesk
Monday, March 25, 2019

Kamal Hassan

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ  കമൽ ഹാസൻ. പാർട്ടി മത്സരിക്കുന്ന മുഴുവൻ സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച കമൽ തെരഞ്ഞെടുപ്പ് പ്രകടനപത്രികയും പുറത്തിറക്കി. വൻ വാഗ്ദാനമാണ് പ്രകടനപത്രിയിൽ ഉലകനായകൻ നൽകിയിരിക്കുന്നത്. പാർട്ടിയുടെ എല്ലാ സ്ഥാനാർഥികൾക്കും തന്‍റെ മുഖം തന്നെയെന്നും കമൽ ഹാസൻ പറഞ്ഞു.

തന്‍റെ സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും പാർട്ടി പ്രകടനപത്രികയിൽ പറയുന്നു. സൗജന്യ വൈഫൈ, റേഷൻ സാധനങ്ങൾ വീടുകളിൽ എത്തിക്കും തുടങ്ങി ജനപ്രിയ വാഗ്ദാനങ്ങളും കമൽ നൽകുന്നു. സ്ത്രീ തൊഴിലാളികൾക്ക് പുരുഷനോടൊപ്പം തുല്യതൊഴിലിന് തുല്യ കൂലിയെന്നതും പ്രകടനപത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനമാണ്.

തന്‍റെ സ്ഥാനാർഥികളെ തെരഞ്ഞെടുത്താൽ ദേശീയപാതകളിലെ ടോൾ പിരിവുകൾ ഒഴിവാക്കുമെന്നും അദ്ദേഹം പ്രകടനപത്രികയിൽ പറയുന്നു. ആദ്യ ഘട്ടത്തിൽ 21 സ്ഥാനാർഥികളെ പ്രഖ്യാപിച്ച കമൽ ചെന്നൈയിൽ 19 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോയമ്പത്തൂരിൽ പാർട്ടി വൈസ് പ്രസിഡന്‍റ് ഡോ. മഹേന്ദ്രൻ മത്സരിക്കും.