സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത വിളിച്ചുവരുത്തിയ ദുരന്തം

Jaihind News Bureau
Wednesday, August 22, 2018

 

സർക്കാരിന്റെയും കെ.എസ്.ഇ.ബിയുടെയും അമിതലാഭക്കൊതിയാണ് മഴക്കെടുതിയെ തുടർന്നുള്ള ദുരന്തം ഇരട്ടിയാക്കിയത്. അപ്രതീക്ഷിതമായി വേനൽക്കാലത്ത് മഴ ലഭിച്ചതിനെ തുടർന്ന് മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഡാമുകളെല്ലാം നിറഞ്ഞ് സമ്പുഷ്ടമായിരുന്നു. അപകടത്തിന്റെ ചൂണ്ടുപലക പോലെ കഴിഞ്ഞ 29, 30, 31, തീയതികളിൽ പെയ്ത  കനത്ത മഴയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് ആശങ്കയും വർധിച്ചു.

ആദ്യം ജാഗ്രതാ നിർദേശവും ജലനിരപ്പ് 2,395 അടി യിലെത്തിയപ്പോൾ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എല്ലാ മുൻകരുതലുകളും പൂർത്തിയായി എന്നും ആലുവയിലും തൃശൂരും ഇടുക്കിയിലും ദുരന്തനിവാരണ സേന ഹെലികോപ്റ്റർ സഹിതം സജ്ജമാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറഞ്ഞത് ജനം വിശ്വസിച്ചു. വൈദ്യുതി മന്ത്രി എം.എം മണി മാധ്യമങ്ങളോട് പറഞ്ഞത് ഇടുക്കി ഡാമിലെ ജലനിരപ്പ് 2,397 അടിയായാൽ തുറന്നു വിടുമെന്നായിരുന്നു.

ഡാം തുറന്നുവിട്ട് അഞ്ച് അടിയെങ്കിലും ജലനിരപ്പ് താഴ്ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും സർക്കാരിനും കെ.എസ്.ഇ.ബിക്കും മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയം 2,320 അടി മാത്രമാണ് ജലനിരപ്പ് ഉണ്ടായിരുന്നത്. മാത്രമല്ല തുലാവർഷം അടുത്ത് വരുന്നതിനാല്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് താഴ്ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞത് കെ.എസ്ഇബിയും സർക്കാരും കേട്ടില്ല.

മാധ്യമങ്ങൾ അനാവശ്യ ഭീതി വിതയ്ക്കുന്നു എന്ന് സർക്കാരും കുറ്റപ്പെടുത്തി. മൂന്നു ദിവസം മഴ മാറി വെയിൽ തെളിഞ്ഞെങ്കിലും ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്നില്ല. വീണ്ടും കഴിഞ്ഞ എട്ടാം തീയതി ശക്തമായ മഴ ഉണ്ടാവുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. ഇടമലയാർ നിറഞ്ഞ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും ഇടുക്കിയിൽ  സർക്കാർ ഒന്നിനും തയാറായില്ല. ഇടുക്കിയുടെ വിവിധ സ്ഥലങ്ങളിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു.

മഴ തുടരുകയും ജലനിരപ്പ് വീണ്ടും ഉയർന്ന് 2399 അടിയിലേക്കെത്തുകയും ചെയ്തു. ഒൻപതാം തീയതി ഉച്ചയ്ക്ക് 11 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 12.30ന് ഡാം തുറക്കുമെന്ന്. ട്രയൽ റൺ മാത്രമാണ് ആശങ്ക വേണ്ടെന്നും അറിയിക്കുന്നു. നാല് മണിക്കൂർ  50 സെന്റീമീറ്റർ ഒരു ഷട്ടർ മാത്രമെ ഉയർത്തൂ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മാധ്യമങ്ങളിലൂടെയാണ് ജനങ്ങൾ ഈ വിവരം അറിഞ്ഞത്.

2399.04 അടിയിൽ 50 ക്യൂ മെക്സ് വെള്ളം തുറന്നു വിട്ടു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പിറ്റേന്ന് മുതൽ 100 ക്യൂ മെക്സ് ആയും പിന്നീട് വർധിപ്പിച്ച് 750 ക്യുമെക്സായി 5 ഷട്ടറുകളും തുറന്നു വിട്ടു. ഒരു സെക്കന്റിൽ 7.5 ലക്ഷം ലിറ്റർ തുറന്നു വിട്ടത് പെരിയാറിലും ആലുവയിലും വെള്ളം ഉയരുന്നതിനിടയിലാണ്. പിന്നീട് പതിനാലാം തീയതിയാണ് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ച് 300 ക്യൂ മെക്സ് ആക്കി മാറ്റിയത്.

മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്ന പശ്ചാത്തലത്തിൽ പതിനഞ്ചാം തീയതി വീണ്ടും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു.750 ക്യൂ മെക്സാക്കി. മഴ വീണ്ടും ശക്തിയായതോടെ 1500 ക്യൂമെക്സായി വീണ്ടും വർധിപ്പിച്ചു. ഒരു സെക്കന്റിൽ 15 ലക്ഷം ലിറ്റർ വീതം പെരിയാറിലേക്ക് തുറന്നു വിട്ടത് ആലുവയിലും പറവൂരിലും വെള്ളം ഉയരുന്നതിനിടയിൽ ആണ്. ഇതാണ് ദുരന്തത്തിന്‍റെ തീവ്രത വർധിക്കാൻ കാരണമായത്. മാത്രമല്ല മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു വിട്ടത് മൂവാറ്റുപുഴയിലും പിറവത്തും വൈക്കത്തും വെള്ളപ്പൊക്കത്തിന് കാരണമായി. അപ്രതീക്ഷിതമായി പെയ്ത മഴയിൽ കെ.എസ്.ഇ ബിക്ക് കോടികൾ ലാഭമുണ്ടായിട്ടും കൂടുതൽ അത്യാർത്തിയാണ് ഈ ദുരന്തത്തിന് വഴിതെളിച്ചതെന്ന് പറയാതിരിക്കാനാവില്ല.