ശബരിമല: റിട്ട് ഹർജികൾ 13ന് പരിഗണിക്കും, കേസുകൾ തുറന്ന കോടതിയിൽ വാദം കേൾക്കും

Jaihind Webdesk
Tuesday, October 23, 2018

ദില്ലി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത പുതിയ റിട്ട് ഹർജികൾ അടുത്ത മാസം 13ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. ആകെ മൂന്ന് റിട്ട് ഹർജികളാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ളത്.
ഇതോടൊപ്പമുള്ള 19 പുന:പരിശോധന ഹർജികളിലും അന്ന് തന്നെ കോടതി വാദം കേൾക്കും. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി തുറന്ന കോടതിയിലായിരിക്കും ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് പുന:പരിശോധന ഹർജികളിലടക്കം കോടതി വാദം കേൾക്കുക. നവംബർ 16 മണ്ഡലകാലം തുടങ്ങും മുമ്പ് കേസുകൾ തീർപ്പാക്കിയേക്കും.

https://www.youtube.com/watch?v=ZPPYzKW9APw

അയ്യപ്പഭക്തരുടെ മൗലികാവകാശം സംരക്ഷിക്കാത്തതാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധർമ പ്രചാര സഭയും വി.എച്ച്.പിയുമാണ് റിട്ട് ഹർജികൾ നൽകിയിരിക്കുന്നത്. യുവതീപ്രവേശന വിധി സംബന്ധിച്ച ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ തിരുത്തണമെങ്കിൽ കേസ് ഇനി ഏഴംഗ ഭരണഘടനാബെഞ്ചിലേക്ക് മാറ്റേണ്ടി വരും. നേരത്തെ അഞ്ചംഗ ബെഞ്ചിൽ നിന്നുമാണ് വിധിപ്രസ്താവം വന്നിട്ടുള്ളത്. വിധി പ്രസ്താവം നടത്തിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുകയും ചെയ്തിരുന്നു.

പ്രാഥമികമായി കേസ് പരിഗണിക്കേണ്ട മൂന്നംഗ ബെഞ്ചിന്റെ കാര്യത്തിലെങ്കിലും ആദ്യം കോടതി തീരുമാനം അറിയിക്കുമെന്നാണ് സൂചന. വിഷയം സംബന്ധിച്ച് ഈ മാസം 28 വരെയാണ് പുനപരിശോധനാ ഹർജികൾ സമർപ്പിക്കാനുള്ള സമയം. ഹർജികൾ അതിന്റെ ക്രമമനുസരിച്ച് മാത്രമേ പരിഗണിക്കാനാവൂ എന്ന കാര്യം നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയ് അറിയിച്ചിരുന്നു.

മുൻവിധി പ്രഖ്യാപനത്തിൽ വ്യത്യസ്ത നിലപാട് സവീകരിച്ച ഇന്ദു മൽഹോത്രയുടെ വിയേജനം പിടിവള്ളിയാകുമെന്ന പ്രതീക്ഷയിലാണ് പുന:പരിശോധന ഹർജി സമർപ്പിച്ചവരിലുള്ളത്. ഇതിനു പുറമേ കേരളത്തിന്റെ സവിശേഷ സാഹചര്യവും ശബരിമലയിലെ ആചാരക്രമങ്ങളും പാലിച്ച് വിധി തിരുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.