വ്യാപാര യുദ്ധം തുടരുന്നതിനിടെ 1000 വിമാനം അമേരിക്കയില്‍ നിന്നും വാങ്ങിയേക്കും

Jaihind News Bureau
Saturday, June 23, 2018

അമേരിക്കയുമായി വിവിധ രാജ്യങ്ങൾ വ്യാപാര യുദ്ധം തുടരുന്നതിനിടെ അടുത്ത എട്ട് വർഷത്തിനുള്ളിൽ യു.എസിൽ നിന്നും 1000 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ. പ്രതിവർഷം 5 ബില്യൻ ഡോളറിന്‍റെ ഇടാപാടാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

സിവിലിയൻ എയർക്രാഫ്റ്റ് വിഭാഗത്തിലുള്ള വിമാനങ്ങൾ വാങ്ങുന്നതിനാണ് ധാരണയായിരിക്കുന്നത്. ഒപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരം വർധിപ്പിക്കാൻ തീരുമാനിച്ചതായും കേന്ദ്രമന്ത്രി സുരേഷ്പ്രഭു അറിയിച്ചു. പ്രതിരോധ ആവശ്യങ്ങൾക്ക് പുറമേയാണ് സിവിലിയൻ വിമാനങ്ങളുടെ ഇടപാട്. പ്രതിരോധ ആവശ്യത്തിനായി കര നിരീക്ഷണ വിമാനമായ പി8എ 2 എണ്ണം കൂടി വാങ്ങാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

വിമാനം വാങ്ങുന്നതിനായി പ്രതിവർഷം അഞ്ച് ബില്ല്യൻ ഡോളറും പെട്രോളിയം ഉത്പന്നങ്ങൾക്കായി നാല് ബില്ല്യൻ ഡോളറും നൽകേണ്ടി വരുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ. നിലവിൽ തുടരുന്ന വ്യാപാര യുദ്ധത്തെകുറിച്ച് യു.എസ് വ്യാപാര പ്രതിനിധി മാർക്ക് ലിൻകോട്ടുമായി ഞായറാഴ്ച ചർച്ച നടത്തും. ലോക വ്യാപാര സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണ് യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് കൂടുതൽ നികുതി ചുമത്താൻ ഇന്ത്യ തീരുമാനിച്ചതെന്നും ചർച്ചയിൽ ബോധ്യപ്പെടുത്തും.