കശ്മീര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് അമേരിക്കയും യു.എന്നും

Jaihind Webdesk
Tuesday, August 6, 2019

ജമ്മു-കശ്മീരിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്നും അമേരിക്കയും. ജമ്മു-കശ്മീരിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ സംയമനം പാലിക്കണമെന്നും നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു.

കശ്മീരിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ആശങ്കയുണ്ടെന്നും അമേരിക്കയും അറിയിച്ചു. ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കണമെന്നും നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും സമാധാനം നിലനിര്‍ത്താനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു. അതേസമയം ആഭ്യന്തരവിഷയമാണിതെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് മോര്‍ഗന്‍ ഒട്ടാഗസ് അറിയിച്ചു.

അതേസമയം അതീവ സുരക്ഷയിലാണ് ജമ്മു-കശ്മീർ. ആർട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നതിന് മുമ്പേ തന്നെ കശ്മീരില്‍ സൈനികവിന്യാസം ആരംഭിച്ചിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്ണായിരത്തോളം സൈനികരെയാണ് കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. ഇന്‍റര്‍നെറ്റ് ബന്ധം വിഛേദിച്ചതിനാല്‍ വാർത്താവിനിമയവും തടസപ്പെട്ടു. വീട്ടുതടങ്കലിലായിരുന്ന കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയെയും ഉമര്‍ അബ്ദുല്ലയെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.