അമേരിക്ക-ചൈന വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്

Jaihind Webdesk
Tuesday, September 18, 2018

ചൈനീസ് ഉല്‍പന്നങ്ങൾക്ക് അമേരിക്ക നികുതി വർധിപ്പിച്ചു. ചൈനയുടെ 6,000 ഉല്‍പന്നങ്ങൾക്കാണ് കൂട്ടിയ ഇറക്കുമതി തീരുവ ബാധകമാകുക. ചൈനയുടെ തെറ്റായ വ്യാപാര നയത്തിൽ പ്രതിഷേധിച്ചാണ് അമേരിക്കയുടെ പുതിയ നീക്കം എന്നാണ് സൂചന.

ഹാൻഡ് ബാഗുകൾ, അരി, തുണിത്തരങ്ങൾ തുടങ്ങിയവയെ പുതുക്കിയ നിരക്ക് ബാധിക്കും. എന്നാൽ സ്മാർട്ട് വാച്ചുകൾ, കസേരകൾ തുടങ്ങിയവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബർ 24 മുതലാണ് പുതുക്കിയ ഇറക്കുമതി തീരുവ നടപ്പിലാക്കുക. ചൈനയുടെ തെറ്റായ വ്യാപാര നയങ്ങളാണ് അമേരിക്കയുടെ പുതിയ തീരുമാനത്തിന് കാരണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചൈനയ്ക്ക് നയം തിരുത്താൻ വേണ്ടത്ര അവസരങ്ങൾ നൽകിയെന്നും എന്നാൽ മാറ്റമുണ്ടായില്ലെന്നും ട്രംപ് പറഞ്ഞു.

200 ബില്യൻ ഡോളർ വരുന്ന ചൈനീസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് നേരത്തേ അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. തീരുമാനം നടപ്പാക്കിയാൽ അമേരിക്കൻ ഉല്‍പന്നങ്ങളുടെ തീരുവ വർധിപ്പിച്ച് തിരിച്ചടിക്കുമെന്ന് ചൈനീസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിനായി 60 ബില്യൻ ഡോളറിന്റെ യു.എസ് ഉൽപന്നങ്ങളുടെ പട്ടിക ചൈന ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മിക്ക ചൈനീസ് കമ്പനികളുടെയും അഭ്യർഥന അവഗണിച്ച് തീരുവ വർധിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോയാൽ തിരിച്ചടിക്കുകയല്ലാതെ വേറെ വഴികളില്ലെന്നാണ് ചൈന വ്യക്തമാക്കിയത്.

എന്നാൽ തിരിച്ചടി ഉണ്ടായാൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും നികുതിയിൽ കൂടുതൽ വർധനയുണ്ടാകുമെന്നും അമേരിക്ക താക്കീത് നൽകി കഴിഞ്ഞു. ട്രംപിന്‍റെ തീരുമാനം പുറത്തുവന്നതോടെ അമേരിക്കൻ ഓഹരി വിപണിയിലും ചൈനീസ് കറൻസിയായ യുവാന്‍റെ, ഡോളറിനെതിരായ മൂല്യത്തിലും തകർച്ച വരുമെന്നാണ് വിലയിരുത്തൽ.