വിംബിൾഡൺ : മാരത്തൺ പോരാട്ടത്തിനൊടുവിൽ വിജയം കെവിന് സ്വന്തം

Jaihind News Bureau
Saturday, July 14, 2018

വിംബിൾഡൺ സെമി ഫൈനലുകളിൽ ഏറ്റവും ദൈർഘ്യമേറിയ മത്സരം. വിംബിൾഡൺ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാം മത്സരം. ഒട്ടനവധി റെക്കോർഡുകൾ തകർക്കപ്പെട്ട മത്സരത്തിൽ മാരത്തൺ പോരാട്ടത്തിനൊടുവിൽ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേർസൺ.

തന്റെ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലിലേക്കും വിംബിൾഡണിലെ ആദ്യ ഫൈനലിനുമുള്ള അർഹതയാണ് ആൻഡേർസൺ ഇന്ന് അമേരിക്കൻ താരം ജോൺ ഇസ്‌നറെ കീഴടക്കി സ്വന്തമാക്കിയത്. സ്‌കോർ: 7-6, 6-7, 6-7, 6-4, 26-24.
ആദ്യ മൂന്ന് സെറ്റുകളും ടൈബ്രേക്കറിൽ കടന്നപ്പോൾ ആദ്യ സെറ്റ് കെവിൻ സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും ഇസ്‌നർക്കൊപ്പമാണ് പോയത്.

രണ്ട് സെറ്റുകൾക്ക് പിന്നിൽ പോയ ശേഷമാണ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് ആൻഡേർസൺ നടത്തിയത്. അവസാന സെറ്റിൽ ഇരു താരങ്ങളും ബ്രേക്കിനായി കിണഞ്ഞു പരിശ്രമിച്ചപ്പോൾ മത്സരം നീണ്ട് നീണ്ട് പോകുകയായിരുന്നു.
അവസാന സെറ്റിൽ 26-24 എന്ന സ്‌കോറിനു ദക്ഷിണാഫ്രിക്കൻ താരം മത്സരം സ്വന്തമാക്കുമ്‌ബോൾ 6 മണിക്കൂറും 35 മിനുട്ടുമാണ് മത്സരം പിന്നിട്ടത്. നൂറിലധികം എയ്‌സുകൾ പിറന്ന മത്സരത്തിൽ 53 എയ്‌സുമായി ഇസ്‌നർ ആയിരുന്നു മുന്നിൽ. ആൻഡേർസൺ 49 എയ്‌സുകൾ പായിച്ചു. ഇസ്‌നർ 6 ഡബിൾ ഫോൾട്ട് വരുത്തിയപ്പോൾ 4 എണ്ണം ആൻഡേർസണിന്റെ അക്കൗണ്ടിൽ രേഖപ്പെടുത്തി.

നൊവാക് ജോക്കാവിച്ച്-റാഫേൽ നദാൽ പോരാട്ടത്തിലെ വിജയികളെയാവും ആൻഡേർസൺ ഫൈനലിൽ നേരിടുന്നത്.