വാക്പോര് തുടരുന്നു; അമിത് ഷായ്ക്ക് മറുപടിയുമായി മെഹബൂബ മുഫ്തി

Jaihind News Bureau
Monday, June 25, 2018

ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുടെ വിമർശനങ്ങൾക്കു മറുപടിയുമായി ജമ്മുകശ്മീർ മുൻമുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തി. സഖ്യംരൂപീകരിച്ചപ്പോഴുള്ള കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമാണു തീരുമാനങ്ങളെടുത്തിരുന്നതെന്നും എന്നാൽ, ഇതിന്റെ പേരിലാണു ബി.ജെ.പി. ഇപ്പോൾ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും മുഫ്തി ചൂണ്ടിക്കാട്ടി.

‘മുൻ സഖ്യകക്ഷി ഇപ്പോൾ തങ്ങൾക്കെതിരേ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. രാംമാധവ് തയാറാക്കി, രാജ്‌നാഥ്‌സിങ് അംഗീകാരം നൽകിയ സഖ്യത്തിന്റെ അജൻഡയിൽനിന്ന് ഇതുവരെ വ്യതിചലിച്ചിട്ടില്ല. അവർചേർന്നു രൂപീകരിച്ച സഖ്യത്തെ നിരാകരിക്കുന്നതും മൃദുസമീപം എന്ന ലേബൽ ചാർത്തുന്നതും ദുഃഖകരമാണ്’ മുഫ്തി ട്വീറ്റ് ചെയ്തു. ബി.ജെ.പി. പിന്തുണ പിൻവലിച്ചതോടെയാണു ജമ്മുകശ്മീരിലെ പി.ഡി.പി. സഖ്യസർക്കാർ വീണത്. ജമ്മുവിനോടും ലഡാക്കിനോടും സംസ്ഥാന സർക്കാർ വിവേചനം കാണിച്ചെന്ന ആരോപണത്തിൽ കഴമ്പില്ല.

ഏറെനാളായ താഴ്‌വരയെ അസ്വസ്ഥമാക്കുന്ന കലാപങ്ങളിലും 2014ലെ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളിലും കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടതായിരുന്നു. എന്നാൽ, അതുകൊണ്ടു വികസനത്തിന്റെ കാര്യത്തിൽ സർക്കാർ പിന്നാക്കംപോയെന്നുള്ള ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും അവർ പറഞ്ഞു.

കത്തുവ പീഡനക്കേസിൽ പ്രതികളെ പിന്തുണച്ച മന്ത്രിമാരെ നീക്കുകയും ഗുജ്ജാർ, ബക്കർവാൾ സമുദായങ്ങളെ അവഹേളിക്കരുതെന്നാവശ്യപ്പെട്ട് ഉത്തരവിട്ടതും മുഖ്യമന്ത്രിയെന്നനിലയിലുള്ള തന്റെ ഉത്തരവാദിത്തമാണ്. എല്ലാവർക്കും സുരക്ഷ നൽകുക മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടി.

ഭീകരവാദം തഴച്ചുവളരാൻ കാരണം മുഖ്യമന്ത്രിയുടെ മൃദുസമീപനമാണെന്നാരോപിച്ച മുൻമന്ത്രി ചൗധരി ലാൽ സിങ്ങിനെയും അവർ വിമർശിച്ചു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ അത്തരം നടപടികൾ ആവശ്യമാണെന്നു മെഹബൂബ മുഫ്തി ട്വീറ്റിൽ പറയുന്നു