യു.പി.എ ഭരണത്തിന്‍റെ നേട്ടം വെബ്സൈറ്റില്‍ നിന്ന് നീക്കി മോദി സര്‍ക്കാര്‍

Jaihind News Bureau
Thursday, August 23, 2018

ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി അധികാരത്തിലിരുന്ന കാലഘട്ടത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം 10 ശതമാനത്തിന് മുകളിൽ എത്തിയിരുന്നുവെന്ന റിപ്പോർട്ടുകൾ മോദി സർക്കാർ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് മാറ്റി. ഇത് താത്കാലികമായ കണക്കുകളെ ആധാരമാക്കിയാണ് തയാറാക്കിയതെന്ന ന്യായം പറഞ്ഞാണ് റിപ്പോര്‍ട്ട് നീക്കിയത്. ഈ കണക്കുകൾ മറ്റെവിടെയും ഉദ്ധരിക്കരുതെന്ന നിർദേശവും മോദി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ റിപ്പോർട്ടിലെ വസ്തുതകള്‍ ഇപ്പോൾ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മീഷന്‍റെ വെബ് സൈറ്റിൽ ‘ഡ്രാഫ്റ്റ്’ എന്ന വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒന്നാം യു.പി.എ ഭരണകാലഘട്ടത്തില്‍‌ (2007 -08 വര്‍ഷത്തില്‍) ജി.ഡി.പി 10 .23 ശതമാനം വളർച്ച കൈവരിച്ചിരുന്നു. രണ്ടാം യു.പി.എ സർക്കാരിന്റെ കാലഘട്ടത്തിൽ (2010 – 2011 വർഷത്തിൽ) ജി.ഡി.പി വളർച്ച 10 .78 ശതമാനമായിരുന്നു. 2004 -05 മുതൽ 2007 -08 വരെ ആഭ്യന്തര ഉല്‍പാദനത്തിലെ ശരാശരി വളർച്ച 9 .42 ശതമാനമായിരുന്നു. എന്നാൽ മോദി സർക്കാരിന്റെ കഴിഞ്ഞ നാലു വർഷക്കാലത്തെ ഭരണത്തിൽ ഇത് 7 .15 ശതമാനം മാത്രമാണ്.

മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് മികച്ച ജി ഡി പി വളർച്ച ഉണ്ടായി എന്ന് വരുന്നത് തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ  രാഷ്ട്രീയമായി
തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് വിലയിരുത്തിയാണ് നടപടി. മോദി സര്‍ക്കാരിന്‍റെ സമ്പദ്ഘടനയിലെ നിരാശാജനകമായ പ്രകടനം മറച്ചുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രേഖകള്‍ വെബ് സൈറ്റിൽ നിന്ന് നീക്കം ചെയ്‌തിരിക്കുന്നത്‌. എന്നാൽ റിപ്പോർട്ടുകളിലെ കണക്കുകൾ നിഷേധിക്കാനാകാത്ത സാഹചര്യത്തിൽ ഇതെല്ലം താല്‍കാലിക കണക്കുകൾ വെച്ച് തയാറാക്കിയതാണെന്നാണ് മോദി സർക്കാരിന്‍റെ സാമ്പത്തിക വിദഗ്ധരുടെ വിശദീകരണം.