പാനൂരിലെ ഉൾനാടൻ ജലപാതക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു

Jaihind News Bureau
Sunday, June 24, 2018

കണ്ണൂർ പാനൂരിൽ ഉൾനാടൻ ജലപാതക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. മാഹി വളപട്ടണം ജലപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ്‌ പാനൂർ മേഖലയിൽ പ്രതിഷേധം ശക്ത മാകുന്നത്. ജലപാത വികസനത്തിന്റെ ഭാഗമായി 179 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി യിരുന്നു.

കൊല്ലം – നിലേശ്വരം ജലപാതയുടെ ഭാഗമായുളള മാഹി വളപട്ടണം ജലപാത വികസിപ്പിക്കുന്നതിന് ധർമ്മടം വരെയുള്ള ഭാഗത്തെ ഭൂമി എറ്റെടുക്കാനുള്ള നടപടിയാണ് അന്തിമഘട്ടത്തിൽ എത്തി നിൽക്കുന്നത്.ഇതിനായി 179 ഏക്കർ ഭൂമി എറ്റെടുക്കാ നാണ് ജില്ലാ കലക്ടർക്ക് സർക്കാർ നിർദേശം നൽകിയത്. തൃ പ്രങ്ങോട്ടൂർ, പെരിങ്ങളം, പാനൂർ, മൊകേരി, പന്ന്യന്നൂർ, തലശ്ശേരി വില്ലേജുകളിൽപ്പെട്ട ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്.

https://www.youtube.com/watch?v=sh61BRNWB2M

ഏറ്റവും ഒടുവിൽ നടന്ന സർവെ പ്രകാരം കടവത്തൂർ, പുല്ലൂക്കര, പാലത്തായി, എലാ കോട്, കണ്ണം വെളളി, കിഴക്കെ ചമ്പാട്, മൊകേരി പ്രദേശത്തുകൂടെ ചാടാലപ്പുഴയുമായി ബന്ധിപ്പിക്കു വാനാണ് ഭൂമി ഏറ്റെടുക്കുന്നത്. ജലപ്പാത വരുമ്പോൾ മേഖലയിൽ നിരവധി വീടുകളും കൃഷിസ്ഥലങ്ങളും നഷ്ടമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ പ്രക്ഷോഭം ശക്തമാക്കുന്നത്. ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെയാണ് സർക്കാർ പദ്ധതി നടപ്പിലാക്കാൻ പോകുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.  ആയിരക്കണക്കിന് ആളുകളുടെ നിലനിൽപ്പ് പോലും ഇല്ലാതാക്കുന്ന ജലപാത പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പദ്ധതിയെപറ്റി പ്രദേശത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനോ പാരിസ്ഥിതിക പഠനം നടത്താനോ സർക്കാർ തയ്യാറായിട്ടില്ലെന്നും വിമർശനം ഉയരുന്നുണ്ട്. ഇതിലെല്ലാം വലിയ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. പദ്ധതിക്കെതിരെയുള്ള രണ്ടാഘട്ട സമര പരിപാടികളുടെ ഭാഗമായി പാനൂർ വില്ലേജ് ഓഫിസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേരാണ് മാർച്ചിൽ പങ്കെടുത്തത്.  പാനൂർ നഗരസഭ ചെയർപേഴ്സൺ റംലത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു.

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി.നിരവധി ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള പദ്ധതിയെപ്പറ്റി ജനങ്ങൾ ഭീതിയിലാണെന്നും പ്രശ്നങ്ങൾ ബോധ്യപ്പെടുത്താൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.