ചൊവ്വയില്‍ തടാകം! ആവേശത്തില്‍ ശാസ്ത്രലോകം

Jaihind News Bureau
Thursday, July 26, 2018

ചൊവ്വയില്‍ ഇപ്പോഴും ജലസാന്നിധ്യമുണ്ടെന്ന് ശാസ്ത്രജ്ഞര്‍! ഭൂമിയുടെ അയല്‍വക്കത്തുനിന്ന് കേള്‍ക്കാന്‍ കൊതിച്ചൊരു വാര്‍ത്ത സത്യമായിരിക്കുന്നു. ഭൂമി കഴിഞ്ഞാല്‍ വാസയോഗ്യമായ മറ്റൊരു ഗ്രഹമേത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുന്ന ഒരു വെളിപ്പെടുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അന്‍റാര്‍ട്ടിക്കയിലെ വോസ്ടോക് തടാകം പോലെ ഉപരിതലത്തിനടിയിലാണ് ചൊവ്വയിലെ ഈ ‘തടാകം’.

തണുപ്പന്‍ ഗ്രഹമായ ചൊവ്വയുടെ ദക്ഷിണ ധ്രുവത്തിലാണ് ദ്രാവകാവസ്ഥയില്‍ തന്നെയുള്ള വലിയ ജലസാന്നിധ്യം ഏറെക്കുറെ സ്ഥിരീകരിച്ചിരിക്കുന്നത്. 20 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു തടാകം പോലെയാണ് ഈ ജലസാന്നിധ്യം എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ (ESA) റഡാറായ മാഴ്സിസാണ് ശാസ്ത്രലോകത്തിനാകെ ഉണര്‍വ് പകരുന്ന ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തിലും ഉപരിതലത്തിന് കുറച്ച് താളെയുള്ള പ്രതലത്തിലേക്കും തുടര്‍ച്ചയായി തരംഗങ്ങള്‍ കടത്തിവിട്ട് അതില്‍നിന്നുണ്ടാകുന്ന പ്രതിഫലന തരംഗങ്ങള്‍ വിശകലനം ചെയ്താണ് മാഴ്സിസ് നിലവിലെ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

ചൊവ്വയില്‍ കണ്ടെത്തിയ ‘തടാകം’ (Image Courtesy: NASA)

ചൊവ്വയുടെ ഉപരിതലം വാസയോഗ്യമല്ലെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഉപരിതലത്തിന് താഴെയായി കണ്ടെത്തിയ ദ്രാവകരൂപത്തിലെ ജലസാന്നിധ്യം  അത്തരം മേഖലകളിലെ മനുഷ്യവാസത്തിനുള്ള സാധ്യതകളിലേക്ക് കൂടി പരീക്ഷണങ്ങള്‍ നീട്ടുന്നതാണ്.

ഇറ്റാലിയന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞനായ പ്രൊഫസര്‍ റോബര്‍ട്ടോ ഒറോസിയാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏതായാലും ഇതൊരു വലിയ തടാകമാകാന്‍ സാധ്യതയില്ലെന്നാണ് പ്രൊഫ. ഒറോസി പറയുന്നത്. ചൊവ്വയുടെ ഉപരിതലത്തിനടിയില്‍ കണ്ടെത്തിയ ‘തടാകത്തിന്‍റെ’ ആഴവും കൃത്യമായ വിസ്തൃതിയും എത്രത്തോളമെന്നത് കൃത്യമായി നിര്‍ണയിക്കാന്‍ മാഴ്സിസിനായിട്ടില്ല. ഏതായാലും കുറഞ്ഞത് ഒരു മീറ്ററെങ്കിലും കനമുണ്ടാകുമെന്നാണ് ശാസ്ത്രസംഘത്തിന്‍റെ വിലയിരുത്തല്‍. എന്തായാലും ഈ തണുപ്പന്‍ ഗ്രഹത്തിന്‍റെ പുറംതോടിനുള്ളില്‍ ഇതുപോലെ നിരവധി ‘ജലാശയങ്ങള്‍’ ഉണ്ടാകുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെന്നതിന് നേരത്തെ തെളിവുകള്‍ ലഭിച്ചിരുന്നെങ്കിലും ഇപ്പോഴും ദ്രാവകരൂപത്തില്‍ ജലം നിലനില്‍ക്കുന്നുവെന്നതിന് ഉപോല്‍ബലകമായ തെളിവുകള്‍ ഇപ്പോഴാണ് ശാസ്ത്രലോകത്തിന് ലഭ്യമാകുന്നത്. നാസയുടെ ചൊവ്വ പര്യവേഷണവാഹനമായ ക്യുരിയോസിറ്റിയാണ് ‘ചൊവ്വയില്‍ മുമ്പ് ജലസാന്നിധ്യമുണ്ടായിരുന്നു’ എന്നത് സംബന്ധിച്ച് വിവരം നല്‍കിയത്.

ചൊവ്വയിലെ ജലത്തിന്‍റെ രാസഘടന ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ സ്ഥിരീകരണം നടത്തേണ്ടതുണ്ട്. ചൊവ്വയിലെ തടാകം മാനവാരശിക്ക് നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്. ഒപ്പം ശാസ്ത്രലോകത്തിന് പുതിയ ഒരുപിടി ദൌത്യങ്ങളിലേക്കും വെല്ലുവിളികളിലേക്കും കൂടി വഴിതുറക്കുന്നതാണ്.

എന്തായാലും മാഴ്സിസിന്‍റെ ഈ വിലപ്പെട്ട കണ്ടെത്തല്‍ മാനവരാശിയുടെ ഗ്രഹാന്തരസ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.