പ്രതീക്ഷ മങ്ങുന്നു; വിക്രം ലാന്‍ഡറിന്റെ ബാറ്ററിയുടെ ശേഷി കുറയുന്നു

Jaihind Webdesk
Saturday, September 14, 2019

ബംഗളൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യത്തില്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷ മങ്ങുന്നു.  ശ്രമം തുടരുകയാണെങ്കിലും വൈകുന്തോറും സാധ്യത കുറഞ്ഞുവരികയാണ്. ബാറ്ററിയുടെ ശേഷിയും കുറയുകയാണ്. സോഫ്റ്റ് ലാന്‍ഡിങ്ങിനു വേണ്ടി തയാറാക്കിയ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതോടെ സിഗ്‌നലുകള്‍ സ്വീകരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കാനാണു സാധ്യത. ഇതേസമയം, സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയാല്‍ ലാന്‍ഡറിനെ വിജയകരമായി നിയന്ത്രിക്കാനായേക്കും.

കഴിഞ്ഞ ഏഴിനു പുലര്‍ച്ചെയാണു വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തെ ലക്ഷ്യമാക്കിയുള്ള കുതിപ്പ് തുടങ്ങിയത്. അവസാന 15 മിനിറ്റായിരുന്നു നിര്‍ണായകം. 11 മിനിറ്റ് വരെ ലാന്‍ഡര്‍ മുന്‍നിശ്ചയപ്രകാരം നീങ്ങി. തുടര്‍ന്ന്, ഇറങ്ങേണ്ട സ്ഥലത്തിനുനേരേ ക്യാമറ ക്രമീകരിക്കേണ്ട ഘട്ടമായിരുന്നു. സുരക്ഷിതമായി ഇറങ്ങാന്‍ ഈ ചിത്രങ്ങള്‍ നിര്‍ണായകമായിരുന്നു. ഈ ഘട്ടത്തിലാണു ലാന്‍ഡര്‍ അപ്രതീക്ഷിത മലക്കംമറിച്ചില്‍ നടത്തിയത്. നിമിഷങ്ങള്‍മാത്രം ചന്ദ്രോപരിതലത്തിനു ലംബമായി നിന്നു. പിന്നീട് അല്‍പ്പം ചെരിഞ്ഞു. പേടകത്തിന്റെ വേഗം കുറയ്ക്കാന്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ജിനുകള്‍ ലാന്‍ഡറിന്റെ വേഗം കുറയ്ക്കുന്നതിനു പകരം ഈ സമയം ചന്ദ്രനിലേക്കു തള്ളിനീക്കിയെന്നാണു പേടകത്തില്‍നിന്നു ലഭിച്ച വിവരങ്ങള്‍ നല്‍കുന്ന സൂചന.

ചന്ദ്രനിലേക്കുള്ള യാത്രയില്‍ 11 മിനിറ്റ് 28 സെക്കന്‍ഡ് പിന്നിട്ടപ്പോഴായിരുന്നു ഈ തിരിച്ചടി. അപ്പോള്‍ ചന്ദ്രനിലേക്കു കുത്തനെയുള്ള വേഗം സെക്കന്‍ഡില്‍ 42.9 മീറ്ററായിരുന്നു, സമാന്തര വേഗം സെക്കന്‍ഡില്‍ 65 മീറ്ററും. (ഈ ഘട്ടത്തില്‍ വിക്രം ചന്ദ്രനില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ഉയരത്തിലായിരുന്നു.) എന്നാല്‍, ഒരു മിനിറ്റിനുശേഷം കുത്തനെയുള്ള വേഗം സെക്കന്‍ഡില്‍ 58.9 മീറ്ററായി ഉയര്‍ന്നു. സമാന്തര വേഗം അപ്പോള്‍ സെക്കന്‍ഡില്‍ 48.1 മീറ്ററായിരുന്നു. കുത്തനെയുള്ള വേഗം കുറയേണ്ട ഘട്ടത്തില്‍ കൂടിയതാണു സോഫ്റ്റ്ലാന്‍ഡിങ് പരാജയപ്പെടാന്‍ കാരണമായത്. ഈ ഘട്ടത്തില്‍തന്നെയാണു ഓര്‍ബിറ്ററുമായുള്ള ബന്ധം തടസപ്പെട്ടതും. അപ്പോള്‍ ലാന്‍ഡര്‍ ചന്ദ്രന്റെ പ്രതലത്തില്‍നിന്ന് 2.1 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. ഇതിനുശേഷം ലാന്‍ഡറില്‍നിന്നു വിവരമൊന്നും ലഭിച്ചിട്ടില്ല.