ഇന്ത്യയുടെ നൂതന ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് 3 വിക്ഷേപിച്ചു

Jaihind News Bureau
Wednesday, November 27, 2019

ഇന്ത്യയുടെ നൂതന ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് 3 വിക്ഷേപിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ 9.28 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്ന് കാർട്ടോസാറ്റ് 3 വിക്ഷേപിച്ചത്. പിഎസ്എൽവി സി 47 ആണ് വിക്ഷേപണ വാഹനം.

പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്തു വർധിപ്പിക്കുന്ന ഉപഗ്രഹമായ കാർട്ടോസാറ്റ്–3 മറ്റ് 13 ഉപഗ്രഹങ്ങളുമായാണ് കുതിച്ചുയർന്നത്. പിഎസ്എൽവിയുടെ നാൽപത്തിയൊൻപതാമത് ദൗത്യമായിരുന്നു ഇത്. നേരത്തെ 25ആം തീയതി വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

വിക്ഷേപിച്ചു 17 മിനിറ്റിനകം കാര്‍ട്ടോസാറ്റ് ഭ്രമണപഥത്തില്‍ എത്തി. 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്ത് എത്തിച്ചത്.