കൗണ്ട് ഡൗൺ തുടങ്ങി; ജിസാറ്റ്-7എ വിക്ഷേപണം ഇന്ന്

Jaihind Webdesk
Wednesday, December 19, 2018

GSAT7A-Count-down

കൗണ്ട് ഡൗൺ തുടങ്ങി. ഇന്ത്യയുടെ 35-ആം വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-7എ ഇന്ന് വിക്ഷേപിക്കും. വൈകുന്നേരം 4.10-ന് സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം.

ഇന്ത്യയുടെ വ്യോമ-കരസേനകൾക്കായി പ്രത്യേകം തയാറാക്കിയതാണ് വാർത്താവിനിമയ
ഉപഗ്രഹമായ ജിസാറ്റ്-7എ. സേനയുടെ വാർത്താവിനിമയ ഉപാധികൾ മെച്ചപ്പടുത്താനും റഡാർ സ്റ്റേഷനുകൾ, വ്യോമ ആസ്ഥാനങ്ങൾ, വിമാനങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതിനും ജി-സാറ്റ് 7എ സഹായകമാകും. കൂടാതെ ഇന്‍റർനെറ്റിന്‍റെ സഹായത്തോടെയുള്ള യുദ്ധസാദ്ധ്യതകൾ മെച്ചപ്പെടുത്തുന്നതിലും ഉപഗ്രഹം നിർണായക പങ്ക് വഹിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് വൈകുന്നേരം 4.10-നാണ് വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂർ കൗണ്ട് ഡൗൺ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10-ന് ആരംഭിച്ചു.

2,250 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-7എയെ  ജി.എസ്.എൽ.വി. എഫ്-11 റോക്കറ്റ് ഭ്രമണപഥത്തിലെത്തിക്കും. എട്ടുവർഷം കാലാവധിയുള്ള ജിസാറ്റ്-7എയുടെ പ്രവർത്തനപരിധി ഇന്ത്യ മാത്രമായിരിക്കും. റേഡിയോ സിഗ്‌നലുകളെ കൂടുതൽ പരിധിയിലേയ്ക്ക് എത്തിക്കാൻ ശേഷിയുള്ള ജോർജിയൻ റിഫ്ളക്ടർ ആന്റിനയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ജി.എസ്.എൽ.വി. ശ്രേണിയിലെ 13-ആം വിക്ഷേപണവാഹനമാണ് ജി.എസ്.എൽ.വി.എഫ്-11. മൂന്നുഘട്ടമായി പ്രവർത്തിപ്പിച്ചാണ് ഉപഗ്രഹത്തെ വിക്ഷേപണ വാഹനം ഭ്രമണപഥത്തിലെത്തിക്കുക. ഈ വർഷം ശ്രീഹരിക്കോട്ടയിൽ നടക്കുന്ന ഏഴാം വിക്ഷേപണമാണിത്.

GSAT 7A GSLV F11

GSAT 7A GSLV F11

GSAT 7A GSLV F11