കെജ്‌രിവാളിന്‍റെ സമരത്തിന് പിന്തുണയുമായി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ

Jaihind Webdesk
Sunday, June 17, 2018

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മൂന്നു മന്ത്രിമാരും ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഓഫീസില്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബംഗാള്‍‌ മുഖ്യമന്ത്രി മമതാ ബാനർജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവരാണ് കെജ്‌രിവാളിന് പിന്തുണയറിയിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.

ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം ഈ സമരത്തെ പിന്തുണയ്ക്കുന്നതായി പിണറായി പറഞ്ഞു. ഫെഡറലിസത്തെ തകർക്കാനാണു മോദി ഭരണകൂടം ശ്രമിക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി. കെജ്‌രിവാളിന്‍റെ സമരത്തിന് നേരത്തേ മമത പിന്തുണ അറിയിച്ചിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് കർണാടടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും പറഞ്ഞു.

ഡൽഹിയിൽ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് നാലു മുഖ്യമന്ത്രിമാരും. ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് കെജ്‌രിവാളിനെ കാണാൻ ഗവർണർ അനിൽ ബൈജലിനോട് രേഖാമൂലം അനുമതി തേടിയത്. എന്നാൽ ഓഫിസിലേക്ക് അദ്ദേഹം പ്രവേശനാനുമതി നൽകിയില്ല.

ഈ സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ വീട്ടിലെത്തി നാല് മുഖ്യമന്ത്രിമാരും പിന്തുണ അറിയിച്ചത്. ഡൽഹിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ധർണ നടത്തുന്നത്.