കാബൂളില്‍ ചാവേര്‍ ബോംബ് ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു; 60ലേറെ പേര്‍ക്ക് പരിക്ക്

Jaihind News Bureau
Monday, July 23, 2018

കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചാവേര്‍ ബോംബ് ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്‍റെ പ്രവേശനകവാടത്തിന് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ 60ലേറെ പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുർക്കിയിൽനിന്ന് തിരിച്ചെത്തിയ അഫ്ഗാൻ വൈസ് പ്രസിഡൻറ് അബ്ദുൾ റഷീദ് ദോസ്തമിനെയാണ് അക്രമി ലക്ഷ്യമിട്ടതെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

നാടുകടത്തപ്പെട്ടതിന് ശേഷം ആദ്യമായി നാട്ടിലേയ്ക്ക് മടങ്ങുന്ന അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അബ്ദുള്‍ റാഷിദ് ദോസ്തമ്മിനെ സ്വീകരിക്കാനായി മുതിര്‍ന്ന ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും അനുയായികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.  ദോസ്തമിന്‍റെ വാഹനവ്യൂഹം വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകമായിരുന്നു കാതടപ്പിക്കുന്ന ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്.  കാൽനടയായി എത്തിയ ചാവേറാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനിഷ് അറിയിച്ചു.

മരണമടഞ്ഞവരില്‍ 9 പേര്‍ സുരക്ഷ സേനയിലെയും ട്രാഫിക് വിഭാഗത്തിലെയും  ഉദ്യോഗസ്ഥരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ തന്നെ അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള ദോസ്തമിന്‍റെ തിരിച്ചുവരവ് രാജ്യത്തൊട്ടാകെ വിവിധ തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരിക്കുകയാണ്. അതേസമയം, തികച്ചും സ്വകാര്യമായ കുടുംബകാര്യങ്ങള്‍ക്കും ചികിത്സയ്ക്കും വേണ്ടിമാത്രമാണ് മടക്കമെന്നാണ് ദോസ്തം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുള്ളത്.

വടക്കൻ പ്രവിശ്യയിലെ മുൻ ഗവർണറും രാഷ്ട്രീയ എതിരാളിയുമായ അഹമ്മദ് ഇഷ്ചിയെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്നു കഴിഞ്ഞവർഷമാണ് ഉസ്‌ബെക്ക് നേതാവും യുദ്ധവീരനുമായ ജനറൽ ദോസ്തം രാജ്യംവിട്ടത്. അടുത്തവർഷത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഉസ്‌ബെക്കുകളുടെ പിന്തുണ ഉറപ്പാക്കാനായി പഷ്തൂൺ വംശജനായ പ്രസിഡന്‍റ് അഷ്‌റഫ് ഗനിയാണ് ദോസ്തമിന്‍റെ തിരിച്ചുവരവിനു ചരടു വലിച്ചതെന്നു പറയപ്പെടുന്നു. നിരവധി മനുഷ്യാവകാശലംഘനക്കേസുകൾ ജനറൽ ദോസ്തമിന്‍റെ പേരിലുണ്ട്.