രാഹുല്‍ പോരാട്ടം തുടരണം, കേരള ജനത ഒപ്പമുണ്ട്: രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, June 12, 2018

തിരുവനന്തപുരം: വര്‍ഗീയ ശക്തികള്‍ക്കെതിരായ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പോരാട്ടം ശക്തമായി തുടരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മതേതര- ജനാധിപത്യ വിശ്വാസികള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഒറ്റക്കെട്ടായി അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ആര്‍.എസ്.എസ് ബോംബെ ഭീവണ്ഡി കോടതിയില്‍ നല്‍കിയ പരാതിയിന്മേല്‍ കുറ്റം ചുമത്തിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല .

മഹാത്മാഗാന്ധിയുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാരെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അറിയാം. ഒരു കേസ് കൊണ്ടൊന്നും രാഹുല്‍ ഗാന്ധിയെ പോലൊരു ജനകീയ നേതാവിനെ നിശബ്ദനാക്കാന്‍ സംഘപരിവാറിന് കഴിയില്ല. ഇന്ത്യയെ ഒരു മതനിരപേക്ഷ രാഷ്ട്രമാക്കി നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ജനത മുഴുവന്‍ രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടാകും.

ആരെയെങ്കിലും ഭയപ്പെട്ട് നിലപാടുകളില്‍ നിന്ന് പിന്നാക്കം പോകുന്ന നേതാവല്ല രാഹുല്‍ഗാന്ധിയെന്ന് സംഘപരിവാര്‍ ഓര്‍മിക്കണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.