ഡ്രാമയുടെ ചിത്രീകരണം പുരോഗമിക്കുന്നു; വീഡിയോ പങ്കുവച്ച് മോഹൻലാൽ

Jaihind News Bureau
Wednesday, June 20, 2018

മോഹൻലാലും ആശാ ശരത്തും ജോഡിയായി എത്തുന്ന ചിത്രം ഡ്രാമയുടെ ഷൂട്ടിംഗ് ലണ്ടനിൽ പുരോഗമിക്കുകയാണ്. ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആരാകർക്കായി മോഹൻലാൽ തന്നെയാണ് ഫെയ്‌സ് ബുക്കിൽ പങ്കുവച്ചത്. ലോഹത്തിന് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എംകെ നാസ്സറും മഹാ സുബൈറും ചേർന്നാണ് നിർവഹിക്കുന്നത്. വർണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻറെയും ലില്ലിപാഡ് മോഷൻ പിക്‌ചേഴ്‌സിൻറെയും ബാനറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആവേശം പങ്കിടുകയാണ് മോഹൻലാൽ.

സിനിമയുടെ പ്രധാന ലൊക്കേഷൻ ലണ്ടനിൽ ചീറിപ്പായുന്ന കാറിനുള്ളിൽ ഇരുന്നുള്ള ഒരു വീഡിയോ ആണ് അദ്ദേഹം ആരാധകരുമായി പങ്കുവച്ചത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, കനിഹ, ടിനി ടോം, കോമൾ ശർമ്മ, ബൈജു, അരുന്ധതി നാഗ്, സുരേഷ് കൃഷ്ണ, നിരഞ്ജ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

മൂന്ന് പ്രമുഖ സംവിധായകർ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസ് സംഗീതവും അഴകപ്പൻ ഛായാഗ്രഹണവും, പ്രശാന്ത് നാരായണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.