വോട്ട് അധികാരമാണ് അത് ഉപയോഗിക്കണമെന്ന് മമ്മൂട്ടി; ഏറെ നേരം ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി മോഹന്‍ലാല്‍

Jaihind Webdesk
Tuesday, April 23, 2019

മലയാള സിനിമയിലെ താരരാജക്കന്‍മാരും തെരഞ്ഞെടുപ്പ് തിരക്കുകള്‍ മാറ്റിവെച്ച് സമ്മതിദാനാവകാശം വിനിയോഗിച്ചു. മമ്മൂട്ടി കൊച്ചിയിലും, മോഹന്‍ലാല്‍ തിരുവനന്തപുരത്തുമാണ് വോട്ട് രേഖപ്പെടുത്തിയത്.

നടന്‍ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം പനമ്പിള്ളി നഗര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 105ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായ ഹൈബി ഈഡന്‍ പി രാജീവ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി പോളിങ് ബൂത്തിലെത്തിയത്. ആരും വോട്ട് പാഴാക്കരുതെന്നായിരുന്നു സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷമുള്ള മമ്മൂട്ടിയുടെ അഭ്യര്‍ഥന.
മമ്മൂട്ടിയുടെ വാക്കുകള്‍
‘ വോട്ട് നമ്മുടെ അധികാരമാണ് . സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണം ‘

നമ്മള്‍ നമ്മുക്ക്വേണ്ടി പ്രതിനിധികളെ തെരഞ്ഞെടുക്കുകയാണ് എന്ന ഓര്‍മ്മിപ്പിച്ച മമ്മൂട്ടി രണ്ട് സ്ഥാനാര്‍ത്ഥികളും തനിക്ക് പ്രിയപ്പെട്ടവരാണെന്നും പറഞ്ഞു.
‘ രണ്ട് പേരും വേണ്ടപ്പെട്ടവരാണ്, പക്ഷേ എനിക്ക് ഒരു വോട്ടെയുള്ളൂ ‘

നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരം മുടവന്‍മുകള്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ വോട്ടു ചെയ്തു. ക്യൂ നില്‍ക്കാതെ വോട്ടുചെയ്യാമെന്ന് മറ്റുവോട്ടര്‍മാര്‍ പറഞ്ഞെങ്കിലും ഒരു മണിക്കൂറിലേറെ ക്യൂവില്‍ നിന്നാണ് താരം വോട്ടുചെയ്തത്. പലപ്പോഴും വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഇത്തവണ പഠിച്ച സ്‌കൂളില്‍ തന്നെ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.