ദുരൂഹതയേറി ബാലഭാസ്‌ക്കറിന്റെ മരണം: പുതിയ വെളിപ്പെടുത്തലുകള്‍; അപകടം ആസൂത്രിതമോ? ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

Jaihind Webdesk
Sunday, June 2, 2019

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ അടുത്തിടെ 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ പ്രോഗ്രാം മാനേജര്‍ പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെയാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ബാലഭാസ്‌ക്കറിന്റെയും മകള്‍ തേജസ്വിനിയുടെയും അപകട മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന അന്വേഷണം തുടങ്ങി. കേസിലെ മറ്റൊരു പ്രതിയായ വിഷ്ണുവും ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജരാണ്. ഇയാള്‍ ഒളിവില്‍ കഴിയുകയാണ്. വിഷ്ണുവാണ് വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം ഇടപാടുകാര്‍ക്ക് എത്തിച്ചിരുന്നത്. ബാലഭാസ്‌കര്‍ വിദേശത്തേക്ക് പ്രോഗ്രാമുകള്‍ക്ക് പോയി മടങ്ങുമ്പോള്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം കടത്തിയതായാണ് വിവരം.

ഇതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. വിമാനത്താവളം വഴി പലപ്പോഴായി 50 കിലോയോളം സ്വര്‍ണം കടത്തിയെന്ന് കേസിലെ പ്രതി സെറീന ഡിആര്‍ഐക്ക് മൊഴി നല്‍കി. വലിയ പ്രതിഫലമാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും സെറീന പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഡ്വ ബിജു മോഹനും ഭാര്യ വിനീതയുമാണ് സെറീനക്ക് പണം വാഗ്ദാനം ചെയ്തത്. 2018-ലാണ് ബിജുവിനെയും വിനീതയെയും താന്‍ പരിചയപ്പെട്ടതെന്നും സെറീന പറഞ്ഞു. വിമാന ടിക്കറ്റും 20000 ദിര്‍ഹവുമാണ് ഓരോ ഇടപാടിലും പ്രതിഫലം നല്‍കിയിരുന്നത്.

ബിജുവിന് വേണ്ടി തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ആദ്യം സെറീനയെ ബന്ധപ്പെട്ടത്. ബിജുവിന്റെ നിര്‍ദ്ദേശ പ്രകാരം ദുബായില്‍ പോയി പലതവണ സ്വര്‍ണം കടത്തിയെന്നും ജിത്തുവാണ് തനിക്ക് സ്വര്‍ണം കൈമാറിയിരുന്നതെന്നും സെറീന മൊഴി നല്‍കി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ബിജുവും ഭാര്യയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സെറീന മൊഴിയില്‍ പറഞ്ഞു.

അതേസമയം, ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദൂരുഹത ഉണ്ടെന്ന് ആരോപിച്ച് പിതാവ് സികെ ഉണ്ണി, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ വീണ്ടും ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്. ബാലുവിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും പരസ്പര വിരുദ്ധമായ മൊഴികള്‍ പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാലഭാസ്‌ക്കറിന് പാലക്കാടുള്ള ഒരു ആയുര്‍വേദ ഡോക്ടറുടെ കുടുംബവുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് അപകടവുമായി ബന്ധമുണ്ടെന്നും പിതാവ് പരാതിയില്‍ ആരോപിച്ചിരുന്നു. ഈ കുടുംബത്തിലെ അംഗമായിരുന്നു അപകടസമയത്ത് കാര്‍ ഓടിച്ചിരുന്ന അര്‍ജുനെന്നും പരാതിയില്‍ ആരോപിക്കുന്നു. ഈ ഡോക്ടറുമായി പ്രകാശിനും വിഷ്ണുവിനും നല്ല ബന്ധമുണ്ടെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥരും നല്‍കുന്നത്. സ്വര്‍ണക്കടത്തില്‍ ഡോക്ടര്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിആര്‍ഐയും വ്യക്തമാക്കിയിട്ടുണ്ട്. 2018 സെപ്റ്റംബര്‍ 25 നാണ് ദേശീയപാതയില്‍ പള്ളിപ്പുറത്തിനു സമീപമാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലത്ത് വച്ചു തന്നെ ഒന്നരവയസുകാരിയായ മകള്‍ തേജസ്വനി മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.