പി.എസ്.സി പരീക്ഷാ തട്ടിപ്പ്: പ്രതികളെ വീണ്ടും പരീക്ഷ എഴുതിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്

Jaihind Webdesk
Friday, September 6, 2019

പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ ചോർന്ന ചോദ്യപേപ്പർ ഉപയോഗിച്ച് പ്രതികളെ വീണ്ടും പരീക്ഷ എഴുതിപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ  അപേക്ഷ നൽകി. അതേസമയം പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ജയിലിൽ കഴിയുന്ന പ്രതികളെ സന്ദർശിച്ചവരുടെ വിവരങ്ങൾ ക്രൈം ബ്രാഞ്ച്  ശേഖരിക്കുകയാണ്.

പി.എസ്.സി തട്ടിപ്പ് കേസിൽ പ്രതികൾക്കെതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്‍റെ ശ്രമം.   ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും പ്രതികളെ വീണ്ടും ചോർന്ന ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷയെഴുതിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിനായി തിരുവനന്തപുരം ചീഫ്  ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. കേസിൽ  ജയിലിൽ കഴിയുന്ന പ്രതികളെ സന്ദർശിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. പ്രതികളെ സഹായിക്കുന്നവരെ നിരീക്ഷിക്കാനാണ് ജയിലിലെ  സന്ദർശന വിവരം ശേഖരിക്കുന്നത്.  ഇതിനായി ജയിൽ വകുപ്പിന് ക്രൈംബ്രാഞ്ച് കത്ത് നൽകിയിട്ടുണ്ട്.

അതേസമയം പി.എസ്.സിയോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട, യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ എഴുതിയവരുടെ വിവരങ്ങൾ നാളെ കൈമാറുമെന്നാണ് സൂചന. ആയിരത്തോളം ഉദ്യോഗാർത്ഥികൾ യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ എഴുതിയതായാണ് വിവരം. പോലീസ് കോൺസ്റ്റബിൾ  പരീക്ഷയ്ക്ക് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.