പിണറായി സർവീസ് കമ്മീഷനായി പി.എസ്.സി മാറി : കെ.എം അഭിജിത്

Jaihind News Bureau
Monday, October 14, 2019

പി.എസ്.സി,  പിണറായി സർവീസ് കമ്മീഷനായി മാറിയെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ഉന്നത സ്ഥാനങ്ങളിലേക്കുളള നിയമനത്തിനായി നടന്ന അഭിമുഖത്തില്‍, എഴുത്തുപരീക്ഷയില്‍ പിന്നിലായവർക്ക് കൂടുതല്‍ മാർക്ക് നല്‍കിയതിനെതിരെ പി.എസ്.സി ആസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു കെ.എം അഭിജിത്.

പി.എസ്.സിയും സർക്കാരും ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്നും അർഹതപ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് മാത്രം നിയമനം നല്‍കണമെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത് പറഞ്ഞു. പി.എസ്.സിയുടെ ചെയർമാന്‍ പിണറായിയുടെ വാലാട്ടിപ്പട്ടിയായി  അധഃപതിക്കുന്ന സാഹചര്യമാണ് കാണാനാകുന്നതെന്നും അഭിജിത് പറഞ്ഞു.

പി.എസ്.സി ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധം പ്രവേശനകവാടത്തില്‍ വെച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവർത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാനായി പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പി.എസ്.സി ചെയർമാനെ കാണണമെന്ന ആവശ്യവുമായി കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പി.എസ്.സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നടത്തിയ സമര പരിപാടികള്‍ പോലീസിനെ ഉപയോഗിച്ച് സർക്കാർ അടിച്ചമർത്തിയിരുന്നു. തുടർന്നും പി.എസ്.സിയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് കെ.എസ്.യു സമരപരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്.