പി.എസ്.സി പരീക്ഷാ തട്ടിപ്പ്: അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ; മൂന്ന് വർഷത്തെ റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കും

Jaihind Webdesk
Monday, September 2, 2019

പി.എസ്.സി പരീക്ഷാ തട്ടിപ്പ് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തെ റാങ്ക് ലിസ്റ്റുകൾ പരിശോധിക്കും. റാങ്ക് ലിസ്റ്റുകളുടെ പൂർണ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് കത്ത് നൽകും. തട്ടിപ്പിൽ സമഗ്രമായ അന്വേഷണം വേണമെന്ന ഹൈക്കോടതിയുടെ നിർദേശം കൂടി പരിഗണിച്ചാണ് നടപടി.

പി. എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണംസിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടികയിൽ മാത്രം ഒതുക്കുന്നു എന്ന പരാതി തുടക്കം മുതൽ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കൂടുതൽ വിപുലീകരിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ റാങ്ക് ലിസ്റ്റുകൾ പരിശോധിക്കാനാണ് തീരുമാനം. മറ്റ് പരീക്ഷകളിലും സമാനമായ തട്ടിപ്പ് നടന്നോയെന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. റാങ്ക് ലിസ്റ്റുകളുടെ മുഴുവൻ വിവരങ്ങളും കൈമാറണമെന്ന് ആ വശ്യപ്പെട്ട് അന്വേഷണ സംഘം പി.എസ്.സി സെക്രട്ടറിക്ക്‌ കത്ത് നൽകും.

കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പി.എസ്.സി തട്ടിപ്പ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണെമന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനം ക്രൈംബ്രാഞ്ച് കൈക്കൊണ്ടത്. കേസിന്‍റെ പുതിയ വിശദാംശങ്ങളും അന്വേഷണത്തിലെ നടപടി ക്രമങ്ങളും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിക്കും.